തിരുവനന്തപുരം:ജനുവരി 15ന് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഒരുക്കങ്ങള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി(Global Science Festival Of Kerala 2024 At Thiruvananthapuram 360 Life Science Park).
പൊതുമരാമത്ത് വകുപ്പിലെയും കെഎസ്ഇബിയിലേയും കെഎസ്‌ഐഡിസിയിലേയും ഉദ്യോഗസ്ഥര്‍ മന്ത്രിയോടൊപ്പം തോന്നക്കലിലുളള ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയിരുന്നു. റൂറല്‍ എസ് പി കിരണ്‍ നാരായണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ലൈഫ് സയന്‍സ് എന്ന വിഷയം അടിസ്ഥാനമാക്കി 18 പവലിയനുകളില്‍ 51 പ്രദര്‍ശനങ്ങളാണ് സയന്‍സ് എക്‌സിബിഷന്‍ ഒരുക്കുന്നത്. രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പവലിയനുകളുടെയും അവയ്ക്കുള്ളിലെ പ്രദര്‍ശന വസ്തുക്കളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
ഫെസ്റ്റിവലിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ധനമന്ത്രിയോടൊപ്പം വി.ശശി എംഎല്‍എ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍ തുടങ്ങിയവരും തോന്നക്കലിലെ ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയിരുന്നു.