തിരുവനന്തപുരം :തിരുവനന്തപുരത്ത് ചാക്കയിൽ 110 കിലോഗ്രാം കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി പിടിയില്‍. ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. മുഹമ്മദ് (59) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ചാക്ക പാലത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ എത്തിച്ച കഞ്ചാവ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചെടുത്തത്.
Also Read: 20 കോടിയിലധികം ആളുകൾക്ക് ലഹരിയുമായി ബന്ധമെന്ന് കേന്ദ്രമന്ത്രി രത്തൻ കട്ടാരിയ
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പേട്ട സിഐ എം. സുധിലാൽ അറിയിച്ചു. കഞ്ചാവ് എത്തിച്ച വാഹനവും പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ പൂജപ്പുരയിൽ നിന്ന് 11 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ പൂജപ്പുര സ്വദേശി ശ്രീറാം ( 23) പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട 125 കിലോയോളം കഞ്ചാവാണ് ഇന്നും ഇന്നലെയുമായി നഗരത്തിൽ നിന്ന് പിടികൂടിയതെന്ന് തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന പറഞ്ഞു. മൂന്ന് മാസത്തിനിടെ 350 കിലോ കഞ്ചാവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ഡിസിപി അറിയിച്ചു.