തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മഹാത്മ ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങളും ഏറെ ചരിത്രപ്രധാന്യമുള്ളതാണ്. 1920നും 1937നുമിടയില്‍ 5 തവണകളിലായി 53 ദിവസമാണ് ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. ഖിലാഫത്ത് പ്രചാരണത്തില്‍ തുടങ്ങി അയിത്തോച്ഛാടനം, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ ആഘോഷം തുടങ്ങിയ ചരിത്രപരമായ സംഭവങ്ങളിലാണ് ഗാന്ധിജി പങ്കുകൊണ്ടത്. ശ്രീനാരയണ ഗുരു, അയ്യന്‍കാളി, തുടങ്ങി നിരവധി നവോഥാന നേതാക്കളുമായി ഗാന്ധിജി കൂടിക്കാഴ്‌ചയും നടത്തി.
മഹാത്മ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം:1920നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നിസഹകരണ പ്രസ്ഥാനത്തിന്റെയും പ്രചാരണത്തിനായാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഗാന്ധിജി ഓഗസ്റ്റ് 18-ന് കോഴിക്കോടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് പൊതുയോഗത്തില്‍ പ്രസംഗിച്ചു. വാസ്‌കോഡഗാമയുടെ വരവും ബ്രിട്ടീഷ് അധിനിവേശവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രസംഗം ജനങ്ങളില്‍ വലിയ ആവേശമാണുയര്‍ത്തിയത്. ആദ്യ സന്ദര്‍ശനം നടത്തി 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധിജിയുടെ രണ്ടാം സന്ദര്‍ശനം.
വൈക്കം സത്യഗ്രഹത്തിന് പിന്തുണ:രാജ്യത്ത് തന്നെ ശ്രദ്ധ നേടിയ വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായാണ് ഗാന്ധിജി രണ്ടാം തവണയെത്തിയത്. ഈ സന്ദര്‍ശനത്തിനിടെയാണ് ശ്രീനാരയണ ഗുരുവുമായി ഗാന്ധിജി കൂടിക്കാഴ്‌ച നടത്തിയത്. 1925 മാര്‍ച്ച് 8-19 വരെയായിരുന്നു ഇത്തവണത്തെ സന്ദര്‍ശനം.
എല്ലാ ഹിന്ദുക്കള്‍ക്കും വൈക്കം ക്ഷേത്രവഴികളിലൂടെ സഞ്ചരിക്കാനുള്ള അനുവാദത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. എറണാകുളത്താണ് ഇത്തവണ ഗാന്ധിജിയെത്തിയത്. അവിടെയുള്ള സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം ബോട്ടില്‍ വൈക്കത്ത് എത്തി.
വൈക്കം സത്യഗ്രഹത്തെ എതിര്‍ക്കുന്ന ഇണ്ടന്തുരുത്തി നമ്പൂതിരിയുമായി ഗാന്ധിജി നടത്തിയ സംഭാഷണം ഏറെ ശ്രദ്ധ നേടിയതായിരുന്നു. താഴ്ന്ന ജാതിയില്‍പട്ടവര്‍ നീചജന്മങ്ങളായതിനാല്‍ വഴി നടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നമ്പൂതിരി ഗാന്ധിജിയെ അറിയിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിവിധ പരിപാടികള്‍ക്ക് ശേഷം വര്‍ക്കലയിലെത്തി തിരുവിതാംകൂര്‍ ഭരണാധികാരി റീജന്റ് സേതുലക്ഷ്‌മി ഭായിയെ നേരില്‍ കണ്ട് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ശ്രീനാരായണഗുരുവുമായി ഗാന്ധിജി ശിവഗിരി മഠത്തില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തിരുവിതാംകൂറിലെ ബാലനായ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനെയും സന്ദര്‍ശിച്ചു. അന്ന് ബാലനായ ശ്രീചിത്തിര തിരുനാളിനോട് അങ്ങ് രാജാവാകുമ്പോള്‍ ക്ഷേത്രപ്രവേശനം അനുവദിക്കുമൊയെന്ന് ഗാന്ധിജി ചോദിച്ചിരുന്നു. ഉറപ്പായും എന്നായിരുന്നു മറുപടി.