തിരുവനന്തപുരം :ഗാന്ധിജയന്തിയോടനുബന്ധിച്ച് ലക്ഷം ബലൂണുകളിൽ തീർത്ത മഹാത്മാവിന്‍റെ കൂറ്റൻ ഛായാചിത്രം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ. രാഷ്‌ട്രപിതാവിന്‍റെ 152ാം ജന്മദിനത്തിൽ 152 അടി വലിപ്പത്തിലുള്ള മനോഹര ഗാന്ധിരൂപം ഒരുക്കാനായതിന്‍റെ സന്തോഷ നിറവിലാണ് ചിത്രകാരനായ ഡാവിഞ്ചി സുരേഷ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് പല വർണ്ണങ്ങളിലുള്ള ബലൂണുകളിൽ വിസ്‌മയം ഒരുക്കിയത്. വി.കെ പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ്, ആക്സോ എൻജിനീയർ പ്രൈവറ്റ് ലിമിറ്റഡ്, ലി മാക്‌സ് അഡ്വെർടൈസേഴ്‌സ് എന്നിവ ചേർന്നാണ് ഗാന്ധിചിത്രം യാഥാർത്ഥ്യമാക്കിയത്.
ലക്ഷം ബലൂണുകളിൽ ഒരു ഗാന്ധി ചിത്രം ; റെക്കോഡിട്ട് ഡാവിഞ്ചി സുരേഷ് ALSO READ:'സ്വാതന്ത്ര്യം ലഭിക്കാതെ സബർമതിയിലേക്കില്ല'; ഗാന്ധിയുടെ ദൃഢനിശ്ചയത്തില്‍ സമര കേന്ദ്രമായി സേവാഗ്രാം
നൂറോളം വളണ്ടിയർമാർ ഒക്ടോബർ ഒന്നുമുതൽ പരിശ്രമിച്ചാണ് ലക്ഷം ബലൂണുകളിൽ കാറ്റുനിറച്ചത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം വിസ്‌മയകരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിൻ്റെ പ്രതിനിധികൾ സന്നിഹിതരായിരുന്നു. പരിശോധനയ്ക്കുശേഷം ബലൂണിൽ തീർത്ത ഏറ്റവും വലിയ ഗാന്ധിചിത്രം എന്ന റെക്കോഡിൻ്റെ സാക്ഷ്യപത്രം സംഘാടകർക്ക് സമ്മാനിച്ചു. കൂറ്റൻ രൂപം വ്യക്തമാകാൻ ബുദ്ധിമുട്ടുള്ളതിനാൽ ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എൽഇഡി സ്ക്രീനുകളില്‍ പ്രദർശിപ്പിച്ചിരുന്നു.