തിരുവനന്തപുരം:'ദി കേരള സ്റ്റോറി'സിനിമയിൽ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും നല്ല ചിത്രമാണ് അതെന്നും നിർമാതാവ് ജി സുരേഷ് കുമാർ. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയുന്ന സിനിമയാണിത്. 32,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടുവെന്നാണ് സിനിമ എഴുതിക്കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടേയെന്നും സുരേഷ് കുമാർ പറഞ്ഞു.
കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിജെപി - സംഘപരിവാർ പ്രവർത്തകർക്കായി കേരള സ്റ്റോറിയുടെ പ്രത്യേക ഷോ നടത്തി. നടിയും ഭാര്യയുമായ മേനക, മൂത്ത മകള്‍ എന്നിവര്‍ക്കൊപ്പമാണ് നിർമാതാവ് ജി സുരേഷ് കുമാര്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം എരീസ് പ്ലെക്‌സിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഷോ. സംസ്ഥാനത്താകെ 20 ഇടങ്ങളിലാണ് ഇന്ന് കേരള സ്റ്റോറിയുടെ പ്രത്യേക ഷോ നടന്നത്.
പരിശോധന നടത്തി ഡോഗ് സ്‌ക്വാഡ്:തിരുവനന്തപുരത്ത് ലുലു മാളിലെ പിവിആറിൽ ആദ്യം ഷോ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് പിന്നീട് മാറ്റി. സംസ്ഥാനത്താകെ ആദ്യം 30 ഇടങ്ങളിലായിരുന്നു ഷോ ഒരുക്കിയിരുന്നത്. എന്നാൽ, പ്രതിഷേധം കണക്കിലെടുത്താണ് പലയിടത്തും ഷോ മാറ്റിയത്. പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഷോ നടത്തിയത്. പ്രത്യേക ഷോയോട് അനുബന്ധിച്ച് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും വിവിധ തിയേറ്ററുകള്‍ക്ക് മുന്‍പിലുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി തിയേറ്ററിൽ പരിശോധന നടത്തിയ ശേഷമായിരുന്നു പ്രദർശനം ആരംഭിച്ചത്. പ്രദർശനം തുടങ്ങിയതോടെ പൊലീസ് ഗേറ്റ് അടച്ചു.