കേരളം

kerala

ETV Bharat / state

അരുവിക്കരയില്‍ ജി.സ്റ്റീഫൻ തിരുത്തിയത് 30 വർഷത്തെ ചരിത്രം

ആദ്യം ആര്യനാട് ആയിരുന്നപ്പോഴും പിന്നീട് അരുവിക്കര ആയപ്പോഴും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് മണ്ഡലത്തിനുളളത്.

ജി.സ്റ്റീഫൻ  അരുവിക്കര  ഇടതുപക്ഷം  ആര്യനാട്  G. Stephen  Aruvikara  കെ.എസ് ശബരിനാഥൻ  KS Sabrinathan
അരുവിക്കരയില്‍ ജി.സ്റ്റീഫൻ തിരുത്തിയത് 30 വർഷത്തെ ചരിത്രം

By

Published : May 4, 2021, 4:11 PM IST

തിരുവനന്തപുരം:അരുവിക്കര മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ മത്സരിച്ച ജി.സ്റ്റീഫൻ ജയിക്കുമ്പോൾ തിരുത്തപ്പെടുന്നത് 30 വർഷത്തെ ചരിത്രം. ആദ്യം ആര്യനാട് ആയിരുന്നപ്പോഴും പിന്നീട് അരുവിക്കര ആയപ്പോഴും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് മണ്ഡലത്തിനുളളത്. ആ ചരിത്രമാണ് സ്റ്റീഫൻ തിരുത്തുന്നത്.

1991ലാണ് ആര്യനാട് മണ്ഡലത്തിൽ ജി.കാർത്തികേയൻ്റെ തേരോട്ടം ആരംഭിക്കുന്നത്. തുടർച്ചയായി മരണം വരെ. 2011ൽ മണ്ഡല പുനർനിർണയത്തിലൂടെ ആര്യനാട് അരുവിക്കര ആയി. 2015ൽ കാർത്തികേയൻ്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിലൂടെ കെ.എസ് ശബരിനാഥൻ അരുവിക്കരയെ ഒപ്പം നിർത്തി. 2016ൽ നടന്ന തെരഞ്ഞെപ്പിൽ ഇരുപതിനായിരത്തോളം വോട്ടുകൾക്കായിരുന്നു ശബരിയുടെ ജയം. ഇത്തവണയും മണ്ഡലം ഒപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ്.

read more:സിപിഎം - കോൺഗ്രസ് വോട്ടുകച്ചവടമെന്ന് പി.കെ കൃഷ്ണദാസ്

എന്നാല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ ഉറച്ചു തന്നെയാണ് സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി.സ്റ്റീഫനെ സ്ഥാനാർഥിയാക്കിയത്. നാടാർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ആ സമുദായത്തിൽ നിന്നുള്ള സ്റ്റീഫനെ സ്ഥാനാർഥിയാക്കിയ തന്ത്രം ഫലം കണ്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ശക്തമായ പോരാട്ടത്തിനൊടുവിൽ 5046 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എംഎൽഎയായ കെ.എസ് ശബരീനാഥിനെ സ്റ്റീഫൻ അട്ടിമറിച്ചത്.

മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ടുകളിലും വൻ വർധനയുണ്ടായി. 2016ലെ തെരഞ്ഞെടുപ്പിൽ 34.65 ശതമാനമായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ അത് 45.83 ശതമാനായി ഉയർന്നു. 66776 വോട്ടുകളാണ് ജി.സ്റ്റീഫൻ നേടിയത്. കഴിഞ്ഞ തവണ 14.18 ശതമാനം വോട്ട് നേടിയ ബിജെപിക്കും വോട്ടുകളിൽ വൻ കുറവുണ്ടായി. 10.55 ശതമാനം വോട്ടുകളാണ് ഇത്തവണ അവർക്ക് നേടാനായത്.

ABOUT THE AUTHOR

...view details