തിരുവനന്തപുരം :കൈതോലപ്പായയില്‍ ഒരു സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്നും കെപിസിസി പ്രസിഡന്‍റിനെ കൊല്ലാന്‍, സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തിയെന്നും ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പൊലീസിനെ വിമര്‍ശിച്ച് രംഗത്ത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനും ഫോണിലൂടെയുള്ള ഭീഷണിക്കും പൊലീസിലെ ചിലര്‍ വഴി ഒരുക്കുന്നതായാണ് ശക്തിധരന്‍ ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ ആരോപിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഇന്‍റര്‍നെറ്റ് കോളുകളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണ്.
ഇത്തരം അധമപ്രവര്‍ത്തനത്തിന് പൊലീസിലെ തന്നെ നീചന്മാര്‍ വിഴി ഒരുക്കുകയാണ്. ഇത്തരത്തില്‍ എതിര്‍പ്പുളളവരെ ആക്രമിക്കാന്‍ നിയമവിരുദ്ധമായ സമാന്തര ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനമുണ്ട്. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. ഇതിനായി ലക്ഷങ്ങളാണ് ചെലവിടുന്നതെന്നും ശക്തിധരന്‍ ആരോപിച്ചു.
ഇതിലും ഭേദം സ്‌റ്റാലിനാണെന്നും ശക്തിധരന്‍ കുറിച്ചു. തന്‍റെ പ്രസിദ്ധീകരണത്തെ പോലും ആക്രമിക്കുകയാണ്. പരസ്യം ലഭിക്കുന്നത് തടയുകയാണ്.
അതിനാല്‍ പഴയ പരസ്യം ഉള്‍പ്പെടുത്തി രണ്ട് ദിവസം വൈകിയാണ് പ്രസിദ്ധീകരണം ഇറക്കാന്‍ കഴിഞ്ഞത്. തന്‍റെ ഫോണ്‍ പോലീസ് നിരീക്ഷിക്കുകയാണെന്നും ശക്തിധരന്‍ ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം : മഹത്തായ ഒരാശയത്തിന്‍റെ അകാല മരണമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി എന്‍റെ ഫോണില്‍ ഏത് അസമയത്തും കടന്നുകയറി അസഭ്യവര്‍ഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെ തന്നെ പണി തുടങ്ങി.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്‍റര്‍നെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവര്‍ത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാര്‍ പൊലീസ് സേനയില്‍ തന്നെ ഉണ്ടെന്നാണ്
അറിയുന്നത്. അതിനുള്ള പ്രത്യേക ചാനല്‍, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നതും.
അന്താരാഷ്ട്ര തലത്തില്‍ കടുത്ത നിയമങ്ങള്‍ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം കേരളത്തിലെ രാജ്യദ്രോഹികളുടെ കയ്യില്‍ ഭദ്രമാണ്. ജയിലിനുള്ളില്‍ നടക്കുന്ന അനധികൃത ഫോണ്‍ വിളിയുടെ വിശ്വരൂപം!. പാര്‍ട്ടിയില്‍ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്‍റെ കമ്മിസാര്‍മാര്‍.
ഞാന്‍ എല്ലാ കോളുകളും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. 9199 46733101 എന്ന നമ്പറില്‍ നിന്നാണ് ഇന്നത്തെ തുടക്കം.
ഫോണ്‍ ഓഫ് ചെയ്‌തില്ലെങ്കില്‍ അണമുറിയാതെ അജ്ഞാത കോളുകള്‍ പ്രവഹിക്കും. കേള്‍ക്കേണ്ടിവരുന്ന വാക്കുകള്‍ ഏത് പറുദീസയില്‍ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭൂഗര്‍ഭത്തില്‍ കൊണ്ടിട്ട പ്രതീതി.
സ്‌റ്റാലിനാകും ഭേദം : രാക്ഷസന്‍മാരോ ചെകുത്താന്മാരോ അധിവസിക്കുന്ന മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഈ ഗ്രഹത്തിലേക്ക് വരുന്ന കോളുകള്‍ എന്ന് തോന്നിപ്പോകും. എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്?. സ്‌റ്റാലിനാകും ഭേദമെന്ന് ഞാന്‍ പറയുന്നതില്‍ തെല്ലും അതിശയോക്തി വേണ്ട.
ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത്. ഞാന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രസിദ്ധീകരണം പതിവുപോലെ പുറത്തിറക്കാനുള്ള ശ്രമങ്ങളെയും ഇത്തവണ ബാധിച്ചു. മൂന്നുദിവസം വൈകിയാണ് ഈ ലക്കം പുറത്തിറങ്ങുന്നത്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ ലക്കത്തില്‍ നേരിടുന്നത്. പ്രതിപക്ഷത്തെ ചില നേതാക്കള്‍ക്ക് വേണ്ടിയാണ്, ,അവരുടെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടാണ് ,അവരുടെ വാലാണ് ഞങ്ങളെന്ന് ചിത്രീകരിച്ചുകൊണ്ടാണ് അധിക്ഷേപിക്കുന്നതെങ്കിലും ഒരു പെട്ടിക്കടയുടെ പരസ്യം പോലും ജനശക്തിക്ക് ലഭിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല, ചെയ്യുകയുമില്ല. ഈ ലക്കത്തില്‍ ഒരു പരസ്യവും പുതുതായി ലഭിക്കാത്തതുകൊണ്ട് മുന്‍ ലക്കത്തില്‍ ലഭിച്ച പരസ്യം തന്നെ അവരുടെ സമ്മതത്തോടെ ആവര്‍ത്തിക്കുകയാണ്.
ഫോണ്‍ അക്ഷരാര്‍ഥത്തില്‍ എനിക്ക് ഉപയോഗ്യശൂന്യമാണ്. പൊലീസ് എനിക്ക് വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യ പൊലീസിനെ വെട്ടിലാക്കാന്‍ പുതിയ തന്ത്രവും കൗശലവും പഠിച്ചു.
അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പൊലീസ് നീങ്ങുക. അതിന് ഫലം കണ്ടു. ഈ നേതാക്കള്‍ക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങള്‍ ഉണ്ടെന്നത് ആര്‍ക്കാണ് അറിയാത്തത് . 'പരസ്യം ഒന്നും കിട്ടിയില്ല അല്ലേ' എന്ന പതിവ് നിസ്സംഗ ചോദ്യം ഖദര്‍ ഉടുപ്പില്‍ നിന്ന് സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നെന്ന പോലെ കേള്‍ക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേള്‍ക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയോട് മുന്‍കൂട്ടി സഹതപിച്ച് തൃപ്‌തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാര്‍ഹമാണ്.
ജനങ്ങള്‍ സഹകരിച്ചാല്‍ മറികടക്കാനാകും : ഇവരൊക്കെ മന്ത്രിസ്ഥാനങ്ങളും മറ്റ് പദവികളും വഹിച്ചിരുന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷത്തിന്‍റെ മാധ്യമങ്ങള്‍ക്ക് നിര്‍ലോഭം പരസ്യം നല്‍കിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞുനിര്‍ത്താനുള്ള പരിച ആയതുകൊണ്ടാകും. നീചമായ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഞങ്ങള്‍ അശക്തരാണ്. ഏറിയാല്‍ ഒരു ഡസനോളം മാത്രം വരുന്ന പ്രവര്‍ത്തകരുമായി അടുപ്പമുള്ള ജനശക്തിക്ക് എങ്ങിനെയാണ് കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ഭ്രാന്തിനെ കൂച്ചുവിലങ്ങിടാന്‍ കഴിയുക.
പ്രത്യേകിച്ചും പ്രതിപക്ഷം എന്ന അവസാനത്തെ അത്താണിയും ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാതിരിക്കുമ്പോള്‍ ? ഞങ്ങള്‍ക്ക് ഇത് മറികടക്കാന്‍ കഴിയും. ജനങ്ങള്‍ സഹകരിച്ചാല്‍.
ജനശക്തിയെ, കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിച്ചാല്‍, ഞങ്ങളുടെ വാക്കുകളില്‍ വെടിയുണ്ടയുടെ കരുത്തുണ്ടാകും. ആരുടെയും മുന്നിലും മുട്ടുമടക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ മേലും ജനങ്ങളുടെ നിരീക്ഷണം ഉണ്ടായാല്‍ മതി. വഴിതെറ്റാതെ കാത്താല്‍ മതി.
ഞങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നവരുടെ കരുത്തും വ്യാപ്‌തിയും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകണ്ട് ഭയപ്പെട്ട് പിന്മാറുന്നവരല്ല ഞങ്ങള്‍. ഇതിലും ശക്തരായി ലോകത്തെ വിറപ്പിച്ചവര്‍ കൂലിപ്പട്ടാളക്കാരെ വെച്ച് രാജ്യഭാരം നടത്തുന്നത് ഇപ്പോള്‍ നാം കാണുകയാണ്.
കൂലിപ്പട്ടാളം തന്നെ അധികാരം പിടിച്ചെടുത്തേക്കുമെന്ന് ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെത്തി. അത് മറക്കണ്ട. ജനശക്തി ഒരു മണ്‍ചിരാത് മാത്രമാണ്.
ഇപ്പോള്‍ അതിന്‍റെ വെളിച്ചം കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്നതാകാം. പക്ഷേ ഇതുപോലുള്ള ചിരാതുകളില്‍ നിന്ന് കൊളുത്തിയ തീ ആളിക്കത്തുന്നതും ജീര്‍ണതകളെ ധൂളിയാക്കുന്നതും കണ്ടിട്ടില്ലേ? ഇന്നത്തെ കരങ്ങളില്‍ അല്ലെങ്കില്‍ നാളെ അത് സംഭവിക്കും. ഞങ്ങള്‍ തോല്‍ക്കില്ല, മനസ്സില്ല, തോല്‍ക്കാന്‍.