തിരുവനന്തപുരം: കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയില്‍ പ്രമുഖ നേതാവ് തിരുവനന്തപുരത്ത് കൊണ്ടു വന്ന് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ സിപിഎമ്മിന് നല്‍കിയില്ലെന്ന് ജി ശക്തിധരന്‍. പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ ഗുരുതരമായ ആരോപണം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടത്തിയിരിക്കുന്നത്. കൊച്ചിയിലെ വിവിധ സമ്പന്നരില്‍ നിന്ന് ഇരട്ടചങ്കനായ നേതാവ് ശേഖരിച്ച പണം എകെജി സെന്‍ററില്‍ എത്തിയിട്ടില്ല. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യമാണ് ഇക്കാര്യമെന്നാണ് ശക്തിധരന്‍ കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ലെന്നും പറഞ്ഞിട്ടുണ്ട്. കോവളത്തെ ഒരു ഹോട്ടല്‍ വ്യവസായിയില്‍ നിന്ന് സമാഹരിച്ച് പത്ത് ലക്ഷം രൂപ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. അതേ വ്യവസായി കൈമാറിയ രണ്ടാമത്തെ കവറിനെ കുറിച്ച് വിവരമില്ലെന്നും ശക്തിധരന്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നവരുണ്ടാകും. കോടിക്കണക്കിന് ജി ശക്തിധരന്മാര്‍ മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശക്തിധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:ദൈവമേ ഞാനാരാണ്? കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണ്. അവര്‍ എന്‍റെ പാര്‍ട്ടിക്കൂറിലും സംശയാലുക്കളായിരിക്കാം.
അതൊന്നും എന്നെ നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നും ഞാന്‍ കരുതുന്നില്ല. അതാണ് പാര്‍ട്ടി. എന്നെ അറിയുന്നവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ഇതെല്ലാം എന്നതാണ് അതിന്‍റെ സാരം. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ചവര്‍, വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനു മുന്നില്‍ ഈ അശുപോലുള്ള ഞാന്‍ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്‍, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വര്‍ഷത്തെ തുടര്‍ഭരണം എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് മാഞ്ഞുപോയപ്പോള്‍ ആകെ ശബ്‌ദം ഉണ്ടായത് ഒരു പൂച്ച ലെനിന്‍ഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്‌ദമായിട്ടായിരുന്നു. എന്നാല്‍ അതിലും വലിയശബ്‌ദം ചിലപ്പോള്‍ മോസ്‌കോയിലെ പുരാവസ്‌തു ശേഖരങ്ങള്‍ ഗോര്‍ബച്ചേവ് ലോകത്തിന് മുന്നില്‍ തുറന്നുവച്ചപ്പോള്‍ കേട്ടിട്ടുണ്ടാകും.
ഞാനും പ്രതികരിക്കാതിരുന്നാല്‍ ഈ പ്രസ്ഥാനം കേരളത്തില്‍ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. പാര്‍ട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല. എന്നാല്‍ പാര്‍ട്ടി സെന്‍ററില്‍ ഏല്‍പ്പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്.
പണം സൂക്ഷിക്കാന്‍ കൊടുത്തയാളല്ല ആ കുറിപ്പ് കൊടുത്തിരിക്കുന്നത്. അത് ഏറ്റുവാങ്ങിയ സ്റ്റാഫ്, ആ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട സന്ദര്‍ഭത്തില്‍ ഈ തുക തിരിച്ചെടുക്കുകയും ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അതുക്കും മേലെയുള്ള ആളോട് സമ്മര്‍ദം ചെലുത്തിയ കുറിപ്പാണുള്ളത്. പാര്‍ട്ടി ആകെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതും കൂടി അതിന് മുകളില്‍ കെട്ടിവെച്ചാല്‍ പാര്‍ട്ടി തകരുമെന്നും സ്‌നേഹബുദ്ധ്യാ ആ നേതാവ് പറഞ്ഞതായാണ് അനൗദ്യോഗിക വിവരം.
എന്തായാലും ഈ 10 ലക്ഷം ആരുടെ കയ്യിലെത്തി എന്നതിന് വ്യക്തതയായി. എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറില്‍ നിന്ന് വ്യക്തം. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്നു ഓര്‍ത്താല്‍ മതി. അത് പൊതിഞ്ഞിരുന്ന കവറിലുണ്ട് ആ പേര്. അതിലും വലിയ കോടികള്‍ എങ്ങിനെ ആവിയായിപ്പോയി എന്നതിലേ അവ്യക്തതയുള്ളൂ.
കോടികള്‍ കയ്യിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളൂ. അതിനുമുമ്പ് അചിന്ത്യമായിരുന്നു കോടികള്‍. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്‍ററില്‍ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്‌തകത്തിന് റോയല്‍റ്റിയായി പുസ്‌തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്‍ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്യൂണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ്, വി എസ് ആയത്.