തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്‌ചകൾ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുവെന്നാണ് സൂചന. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കും.
വെള്ളിയാഴ്‌ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടന്നതായാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വന്നതായി ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ജി സുധാകരനെതിരെ ജില്ല കമ്മറ്റി റിപ്പോർട്ട്
ജി.സുധാകരന്‍റെ ഭാഗത്തു നിന്നും മോശമായ ഇടപെടലുണ്ടായെന്നായിരുന്നു ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. ഇത് പരിഗണിച്ച സംസ്ഥന സെക്രട്ടറിയേറ്റ് വീഴ്‌ചയുണ്ടായെന്ന് വ്യക്തമാക്കിയെങ്കിലും ജി.സുധാകരന്‍റെ പേര് പരാമര്‍ശിക്കാതെയാണ് അവലോകന റിപ്പോര്‍ട്ട് തയാറാക്കിയത്. ജി.സുധാകരന്‍ വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അന്വേഷണം ഏത് രീതിയിലെന്ന് ഇന്ന് തീരുമാനം ഉണ്ടാകും. ഇതുകൂടാതെ ഘടകകക്ഷികള്‍ പരാതി ഉന്നയിച്ച പാല, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും അന്വേഷണം നടത്താന്‍ സംസ്ഥാന സമിതിയില്‍ ധാരണയായിട്ടുണ്ട്.
READ MORE: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച പരിശോധിക്കാന്‍ സിപിഎം