തിരുവനന്തപുരം:ഇന്ധന നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതിയുടെ എട്ടിരട്ടി വരെ സെസ് പിരിച്ച് കേന്ദ്രസര്‍ക്കാര്‍ ലക്ഷം കോടികള്‍ വരുമാനമുണ്ടാക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സംസ്ഥാനങ്ങൾക്ക് ഒരുരൂപ പോലും പങ്കുവെക്കാതെ നികുതിയില്‍ വരുത്തിയ കുറവ് മുഖം മിനുക്കാനുള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
30 രൂപയിലധികം നികുതി കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതി നിയമം അനുസരിച്ചല്ല എക്സൈസ് നികുതിയില്‍ ഈ വര്‍ധനവ് നടത്തിയത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം കിട്ടില്ല. അതില്‍ നിന്നാണ് ഇപ്പോള്‍ കുറവ് വരുത്തിയത്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതു പോലെയാണ് ഈ കുറവെന്നും കേന്ദ്ര സർക്കാരിനെ വിമർശിച്ച് കേരള ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു
'വില വര്‍ധനവ് ഭരണഘടന വിരുദ്ധം'
2020-21ലെ ബജറ്റില്‍ 2.67 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കില്‍ ലഭിച്ചത് 3.61 ലക്ഷം കോടി രൂപയാണ്. അടിസ്ഥാന എക്‌സൈസ് നികുതി 9.48 രൂപയുണ്ടായിരുന്നത് കുറച്ച് കുറച്ച് 1.4 രൂപയാക്കി. എന്നാല്‍ സംസ്ഥാനവുമായി പങ്കുവെയ്‌ക്കേണ്ടതില്ലാത്ത സെസ്, അഡിഷണല്‍ നികുതി കൃഷി സെസ് യിനങ്ങളില്‍ 31.5 രൂപ കേന്ദ്രം പിരിച്ചെടുക്കുകയാണ്. നിലവിലുള്ള ഏതെങ്കിലും നികുതിക്കുമേല്‍ പ്രത്യേകമായി ചുമത്തുന്ന താരതമ്യേന ചെറിയ ശതമാനം അധിക നികുതിയാണ് സര്‍ചാര്‍ജ്.
പ്രകൃതിക്ഷോഭങ്ങളോ മഹാമാരികളോ യുദ്ധമോ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ സെസും സര്‍ചാര്‍ജും ഒക്കെ ജനങ്ങള്‍ക്കുമേല്‍ ചുമത്താന്‍ ഭരണഘടന കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, അത് അടിസ്ഥാന നികുതിയെക്കാള്‍ പല മടങ്ങ് വര്‍ധിപ്പിക്കുന്നത് ഭരണഘടന തത്വങ്ങളെ തെറ്റായി പ്രയോഗിക്കലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനുമേലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കടന്നുകയറ്റം കൂടിയാണിതെന്നും ബാലഗോപാല്‍ പറഞ്ഞു.