തിരുവനന്തപുരം : മൃഗശാലയിൽ കിടങ്ങിൽ വീണ് അപകടത്തിൽപ്പെട്ട കൃഷ്‌ണ മൃഗത്തിന്‍റെ മുൻകാൽ മുറിച്ചു നീക്കി (Front leg of Blackbuck amputated). മുൻകാൽ ഒടിഞ്ഞ ആൺ കൃഷ്‌ണ മൃഗത്തിന്‍റെ (Krishna Mrigam) കാലാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. രണ്ടാഴ്‌ചകൾക്ക് മുൻപാണ് കൂടിനു മുന്നിലെ സുരക്ഷ കിടങ്ങിൽ വീണ് കൃഷ്‌ണ മൃഗത്തിന്‍റെ ഇടത് മുൻകാലിന് ഗുരുതരമായ മൾട്ടിപ്പിൾ ഫ്രാക്‌ചര്‍ സംഭവിച്ചത്.
ഇതേ തുടർന്ന് ഫൈബർഗ്ലാസ് കാസ്റ്റ് ചികിത്സ നൽകുകയും ചെയ്‌തിരുന്നു (Thiruvananthapuram zoo). പ്ലാസ്റ്റർ ഓഫ് പാരീസ് എന്ന എളുപ്പത്തിൽ കട്ടപിടിക്കുന്ന വസ്‌തു ഉപയോഗിച്ച് നൽകിയിരുന്ന ചികിത്സയ്ക്ക് പകരം ആധുനിക ഓർത്തോപീഡിക് ചികിത്സയിൽ ഇതിനുപകരമായി ഉപയോഗിക്കുന്ന താരതമ്യേന കൂടുതൽ കടുപ്പമുള്ള വസ്‌തുവാണ് ഫൈബർ ഗ്ലാസ് കാസ്റ്റ്. എന്നാൽ ഫൈബർഗ്ലാസ് കാസ്റ്റ് ചികിത്സ നൽകിയെങ്കിലും ഇത് ദിവസങ്ങൾക്കുള്ളിൽ ഇളകിപ്പോയതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തി അപകടത്തിൽ തകർന്ന മുൻകാൽ മുറിച്ചുമാറ്റിയത്.
കാസ്റ്റ് നൽകിയ ശേഷം ആവശ്യമായ വിശ്രമം നൽകുന്നത് കൃഷ്‌ണ മൃഗത്തെ പോലെ വളരെ വേഗത്തിൽ ഓടുന്ന മൃഗങ്ങളുടെ കാര്യത്തിൽ വളരെ ബുദ്ധിമുട്ടാണെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ നികേഷ് കിരൺ പറഞ്ഞു. തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സർജൻ ഡോ. അനൂപ്, മൃഗശാല വെറ്ററിനറി സർജൻ ഡോ നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കാൽ മുറിച്ച് നീക്കിയത്.