തിരുവനന്തപുരം : അനുദിനം മാറിമറിയുന്ന സിനിമ സാങ്കേതിക വിദ്യകളില്‍ യുവതികള്‍ക്ക് പരിശീലനം നല്‍കി പുതിയ തൊഴില്‍ മേഖല തുറക്കാന്‍ ഒരുങ്ങുകയാണ് കേരള ചലച്ചിത്ര അക്കാദമി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ചലച്ചിത്ര അക്കാദമി യുവതികള്‍ക്ക് സിനിമ സാങ്കേതിക മേഖലകളില്‍ തൊഴില്‍ പരിശീലനത്തിന് അവസരം ഒരുക്കുന്നത്. അതും സൗജന്യമായി.
പരിശീലന പദ്ധതിയിലേക്ക് ഈ മാസം മുതല്‍ അപേക്ഷ ക്ഷണിച്ച് തുടങ്ങും. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. സിനിമയുടെ വിവിധ സാങ്കേതിക മേഖലകളിലാകും പരിശീലനം നല്‍കുക. വനിതകളെ നൈപുണ്യം ഉള്ളവരാക്കുകയാണ് പരിശീലനത്തിന്‍റെ ലക്ഷ്യം.
സിനിമ സാങ്കേതിക മേഖലകളായ പ്രൊഡക്ഷന്‍ മാനേജ്‌മെന്‍റ്, ക്യാമറ ആന്‍ഡ് ലൈറ്റിംഗ്, ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, പോസ്‌റ്റ് പ്രൊഡക്ഷന്‍, പബ്ലിസിറ്റി ഡിസൈന്‍, ഫിലിം പബ്ലിക് റിലേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. മൂന്ന് ആഴ്‌ച നീളുന്ന പരിശീലനമാകും നല്‍കുക.
അപേക്ഷകരില്‍ നിന്ന് 75 പേരെയാകും ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കുക. പ്രവര്‍ത്തി പരിചയം കണക്കിലെടുത്തായിരിക്കും തിരഞ്ഞെടുപ്പ്. ശേഷം ഇവരെ പങ്കെടുപ്പിച്ച് ഒരു ദിവസത്തെ തൊഴിലധിഷ്‌ഠിത ശില്‍പ്പശാല നടത്തും. ശില്‍പ്പശാലയ്ക്ക് ശേഷം സ്‌കില്‍ മാച്ചിംഗ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, വണ്‍ ടു വണ്‍ ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടത്തും. രണ്ടാം ഘട്ടത്തില്‍ 25 പേരെയാകും ഉള്‍പ്പെടുത്തുക.
തുടര്‍ന്ന് മൂന്ന് ആഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചലച്ചിത്ര അക്കാദമി തന്നെ തൊഴിലും നല്‍കും. ജോബ് പ്ലേസ്മെന്‍റ് സെല്ലിന്‍റെ സഹായത്തോടെ വിവിധ പ്രൊഡക്ഷന്‍ കമ്പനികളിലാകും ഇവര്‍ക്ക് തൊഴില്‍ നല്‍കുക.
സിനിമ മേഖലയില്‍ ഉള്ളവര്‍ തന്നെയാകും പരിശീലന ക്ലാസുകളും തിരഞ്ഞെടുപ്പും നടത്തുക. ചലച്ചിത്ര അക്കാദമിയോടൊപ്പം കുടുംബശ്രീ, വനിത വികസന കോര്‍പറേഷന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍, നോളജ് ഇക്കോണമി മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം സൗജ്യമായി നടത്തുന്ന തൊഴില്‍ പരിശീലനത്തിന് ശേഷം സിനിമ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവര്‍ ഭാവിയില്‍ പരിശീലനം നല്‍കാനും തയ്യാറാകണം.
ഏപ്രിലിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. മുഴുവന്‍ സിനിമ സംഘടനകളുമായും മന്ത്രി സജി ചെറിയാന്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ഈ പദ്ധതിയിലൂടെ സിനിമ മേഖലയിലെത്തുന്ന വനിതകള്‍ക്ക് തുല്യ വേതനം ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര അക്കാദമിയുടെ കോഴ്‌സ് വിശദാംശങ്ങള്‍ പരിശോധിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത എങ്കിലും ഇതിന് പുറമെ ഓരോ കോഴ്‌സിനും വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്നും നോക്കാം-
- പ്രൊഡക്ഷന്‍ മാനേജ്മെന്‍റ് :ഫിനാന്‍സ് / അക്കൗണ്ട്സ് / മാനേജ്മെന്‍റ് / കോ ഓര്‍ഡിനേഷന്‍ / ട്രാന്‍സ്‌പോര്‍ട്ടേഷന്‍ / അഡ്‌മിനിസ്ട്രേഷന്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തി പരിചയം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
- ക്യാമറ ആന്‍ഡ് ലൈറ്റിംഗ് : ക്യാമറ, ലൈറ്റിംഗ് വിഭാഗങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
- ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ : ആര്‍ട്ട്, ഡിസൈന്‍ മേഖലയില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
- പോസ്‌റ്റ് പ്രൊഡക്ഷന്‍ : എഡിറ്റിംഗ്, സൗണ്ട്, ഡബ്ബിങ്, പോസ്‌റ്റ് പ്രൊഡക്ഷന്‍, ഗ്രാഫിക്‌സ് വിഭാഗങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
- പബ്ലിസിറ്റി ഡിസൈന്‍, ഫിലിം പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് : ഗ്രാഫിക് ഡിസൈനില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralafilm.com/ എന്ന ലിങ്ക് സന്ദർശിക്കുക.
എല്ലാ സിനിമ സംഘടനകളിൽ നിന്നും അഭിപ്രായം തേടിയാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു. പദ്ധതി ഇപ്പോള്‍ അവസാന വട്ട റിവ്യൂവിലാണെന്നും ഇതുകൂടി പൂർത്തിയായാൽ വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുമെന്നും അജോയ് ചന്ദ്രൻ പറഞ്ഞു.