തിരുവനന്തപുരം : ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്‌ത് 'ബ്ലൂ ടിക്' വെരിഫിക്കേഷൻ സൗജന്യമായി ചെയ്‌തു നൽകുന്നുവെന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ പ്രതികരിക്കേണ്ട (Free Blue Tick Verification Spreading Scam). സംഗതി തട്ടിപ്പാണെന്ന് പൊലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം.
ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപയോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരം വ്യാജ മെസേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ബ്ലൂ ടിക്ക് : പണം നൽകിയവർക്ക് മാത്രം ബ്ലൂ വെരിഫിക്കേഷൻ ചിഹ്നം ലഭിക്കുകയുള്ളു എന്ന നിയമം ട്വിറ്റർ പ്രാവർത്തികമാക്കിയിരുന്നു. ഇതോടെ പ്രമുഖര്‍ക്കും തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ നഷ്‌ടമായി. തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജ് നഷ്‌ടമായതായി സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കും ഇന്ത്യയുടെ ബഹിരാകാരശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയ്‌ക്കും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനും ട്വിറ്റർ ബ്ലൂ ടിക് നഷ്‌ടമായിരുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മോഹൻലാൻ, മമ്മൂട്ടി, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കും ബ്ലൂ ടിക് നഷ്‌ടപ്പെട്ടിരുന്നു.