കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അങ്ങിങ്ങ് കള്ളവോട്ട്... അക്രമം... അറസ്റ്റ്... മരണം...

കണ്ണൂർ താഴെചൊവ്വയിലാണ് കള്ളവോട്ട് ചെയ്‌ത് ഒരാൾ പിടിയിലായത്. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലും കള്ളവോട്ട് ആരോപണം. ആലപ്പുഴയിലെ തൃക്കുന്നപുഴയിൽ സംഘർഷം കണ്ടു നിന്ന ഒരാൾ കുഴഞ്ഞുവിണ് മരിച്ചു.

Election negative story  fraudulent voting  kerala assembly poll 2021  കള്ളവോട്ട് ആരോപണം  നിയമസഭാ തെരഞ്ഞെടുപ്പ് 2021
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കള്ളവോട്ട് ആരോപണം; ഒരാൾ അറസ്റ്റിൽ

By

Published : Apr 6, 2021, 4:02 PM IST

Updated : Apr 6, 2021, 7:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളിൽ കള്ളവോട്ടും അക്രമ സംഭവങ്ങളും അരങ്ങേറി. ആറാട്ടുപുഴയിൽ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന് നേരം കൈയേറ്റ ശ്രമമെന്ന് ആരോപണമുണ്ടായി. എൽഡിഎഫ് തന്നെ പരാജയപ്പെടുത്താൻ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണ ആരോപിച്ചു. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന പേരിൽ എൽഡിഎഫ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായും ബിന്ദു കൃഷണ ആരോപിച്ചു.

കഴക്കുട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷത്തിൽ നാലു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കാട്ടായിക്കാണത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട്‌ നോര്‍ത്തിൽ‌ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തതായി ബിജെപി പരാതി. ബിജെപി സ്ഥാനാര്‍ഥി എംടി രമേശാണ് പരാതി നല്‍കിയത്. വെസ്റ്റ് ഹില്‍ ബൂത്ത്, സിവില്‍ സ്റ്റേഷന്‍ ബൂത്ത്, എന്നിവിടങ്ങളിലാണ് കള്ളവോട്ട് കണ്ടെത്തിയത്.

കണ്ണൂർ താഴെചൊവ്വയിൽ കള്ളവോട്ട് ചെയ്‌ത ഒരാൾ പിടിയിലായി. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിലെ തൃക്കുന്നപുഴയിൽ സംഘർഷം കണ്ടു നിന്ന ഒരാൾ കുഴഞ്ഞുവിണ് മരിച്ചു. പട്ടാമ്പിയിൽ ബിജെപിയും കോൺഗ്രസ് വോട്ട് കച്ചവടത്തിന് ധാരണയുണ്ടാക്കിയെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ രംഗത്തെത്തി.

തളിപ്പറമ്പില്‍ വ്യാപക കള്ളവോട്ടെന്ന് നടന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിപി അബ്‌ദുല്‍ റഷീദ് ആരോപിച്ചു. കള്ളവോട്ട് തടയാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ സിപിഎം കൈയേറ്റം ചെയ്തുവെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും വിപി അബ്‌ദുല്‍ റഷീദ് ആവശ്യപ്പെട്ടു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വോട്ട് ചെയ്യാനെത്തിയ സ്‌ത്രീകൾ ഉൾപ്പടെ ഉള്ളവർക്കും മർദനമേറ്റു. 117 -ാം നമ്പർ ബൂത്ത്‌ ഏജന്‍റ് സമദ് കടമ്പേരിക്ക് നേരെയും അക്രമം ഉണ്ടായി. തളിപ്പറമ്പ് മലപ്പട്ടം 187 എ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റ് പവിത്രനെ ബൂത്തിൽ നിന്ന് സിപിഎം പ്രവർത്തകർ അടിച്ച് ഓടിച്ചു. തളിപ്പറമ്പ് 174 വേശാല ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റിന് നേരെ മുളക് പൊടി എറിഞ്ഞു. ഷംസുദ്ദീനിന് നേരെയാണ് മുളക് പൊടി എറിഞ്ഞത്.

പയ്യന്നൂരിലെ കണ്ടങ്കാളി സ്കൂൾ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസറെ സിപിഎം പ്രവർത്തകർ മർദിച്ചു. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തളിപ്പറമ്പ് മണ്ഡലത്തിൽ ചെറിയൂർ 1A യിൽ കള്ളവോട്ട് തടയാനായി ഇടപെട്ട യുഡിഎഫ് ബൂത്ത് ഏജന്‍റിനെ എൽഡിഎഫ് ബൂത്ത്‌ ഏജന്‍റ് മർദിച്ചതായും പരാതി. കുറ്റിയേരി വില്ലേജിലെ ചെറിയൂർ യുഡിഫ് ബൂത്ത്‌ ഏജന്‍റ് വി കൃഷ്‌ണനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് അട്ടപ്പാടി മുള്ളിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. രംഗസ്വാമി എന്ന വ്യക്തിയുടെ വോട്ടാണ് മറ്റൊരാൾ രേഖപ്പെടുത്തിയത്. മണ്ണാർക്കാട് അരയംകോട് യൂണിറ്റി സ്ക്കൂളിലെ 108 നമ്പർ ബൂത്തിൽ 108 ആം നമ്പർ വോട്ടർ കെ.ഇ. കുരുവിളയുടെ വോട്ട് കള്ളവോട്ട് ചെയ്തു. എറണാകുളത്ത് താമസമുള്ള ഇദ്ദേഹം ബൂത്തിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദ്ദേഹം ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. തമിഴ്‌നാട്ടിൽ നിന്നും നെടുങ്കണ്ടത്തേയ്ക്ക് എത്തിയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിലുള്ളവർ ഇരട്ടവോട്ട് ചെയ്യാനെത്തിയതാണെന്നും തമിഴ്‌നാട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തിയതിന്‍റെ മഷി മായ്ക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം. വാഹനത്തിലെത്തിയ 14പേരെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ ഇവർ തമിഴ്‌നാട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തിയെന്നതിന് വ്യക്തമായ തെളുവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.

കമ്പംമെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്ന വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. രണ്ട് വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. അതേസമയം ബൈസണ്‍വാലി വോട്ട് ചെയ്യാനെത്തിയ വയോധികയുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. ടീ കമ്പനി സ്വദേശി ലീലാമ്മ ലൂക്കോസിന്‍റെ വോട്ടാണ് ഇവരറിയാതെ പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് നേരത്തെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന വിവരം അറിയുന്നതെന്ന് ലീലാമ്മ പറഞ്ഞു. ഇതോടെ അതിര്‍ത്തി മേഖലയിലും ചെക്ക് പോസ്റ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

പാലക്കാട് സംഗീത കോളജിൽ വോട്ട് മാറി രേഖപ്പെടുത്തി. പാലക്കാട് സംഗീത കോളജിലെ ബൂത്ത് നമ്പർ 28ലാണ് സംഭവം. ഒരേ പേരും വിലാസവുമുള്ള രണ്ട് പേരിൽ ഒരാൾ നേരത്തെ വന്ന് വോട്ട് മാറി രേഖപ്പെടുത്തുകയായിരുന്നു. ക്രമ നമ്പർ 1092ൽ ഉള്ള വ്യക്തി ക്രമ നമ്പർ 1088 ലുള്ള വ്യക്തിയുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് പേരുടേയും പേര് ഗിരീഷ് എന്നായിരുന്നു. സംഭവം വിവാദമായതോടെ വരണാധികാരി ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോണഗാട്ടിയെ ബാലുശ്ശേരിയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത് തർക്കത്തിനിടയാക്കി. ശിവപുരത്തെ സ്കൂളിലെ ബൂത്ത് സന്ദർശനത്തിനെത്തിയ ധർമജനെ എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. മമ്മൂട്ടി വോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം. പൊന്നുരുന്തിയിലെ ക്രൈസ്റ്റ് കിംഗ് ഗേൾസ് സ്‌കൂളിലാണ് മമ്മുട്ടി വോട്ട് ചെയ്യാനെത്തിയത്.

പല ബൂത്തിലും മോക്ക് പോളിങ്ങിനിടയിൽ തന്നെ വോട്ടിങ് യന്ത്രത്തിന് തകരാർ റിപ്പോർട്ട് ചെയ്‌തു. കാസർകോട് കോളിയടുക്കം ഗവ. യു പി സ്കൂളിൽ 33-ാം ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎംഎഎൽപി സ്കൂളിൽ 95-ാം ബൂത്ത്, വൈക്കം ഇരുമ്പുഴിക്കര 59-ാം നമ്പർ ബൂത്ത് തുടങ്ങിയവിടങ്ങളിലാണ് മോക്ക് പോളിങിനിടെ യന്ത്രം തകരാറിലായത്. കോട്ടയം തിരുവമ്പാടി, കാഞ്ഞങ്ങാട് മണ്ഡലത്തിലെ 185, 187 ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായി. ചിറക്കടവിൽ വോട്ടിങ് യന്ത്രം തകരാറിലായതിനാൽ 40 ഓളം വോട്ടർമാർ വോട്ട് ചെയാതെ മടങ്ങി. കോന്നിയിൽ ഒരു ബൂത്തിൽ വോട്ടെടുപ്പ് രണ്ടുവട്ടം തടസ്സപ്പെട്ടു.

അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അഗളി ഗവൺമെന്‍റെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ഉദ്യാഗസ്ഥയാണ് മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കൊടിയത്തൂർ തോട്ടുമുക്കത്താണ് സംഭവം.

Last Updated : Apr 6, 2021, 7:19 PM IST

ABOUT THE AUTHOR

...view details