കൊവിഡ് പ്രതിരോധത്തിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് ക്രമക്കേടുകൾ നടന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിൻ്റെ മറവിൽ ആരോഗ്യ വകുപ്പിൽ കോടികളുടെ ക്രമക്കേട് നടന്നതായി കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് ക്രമക്കേടുകൾ നടന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സർക്കാരിന് ധന സമ്പാദനത്തിനുള്ള കറവപശുവായി ആരോഗ്യ വകുപ്പ് മാറി. കൊവിഡ് പ്രതിരോധ ഉപകരണവും മറ്റു സാമഗ്രികളും വാങ്ങാൻ കോടികളുടെ ഇടപാടാണ് ആരോഗ്യ വകുപ്പിൽ നടന്നത്. പി.പി.ഇ കിറ്റ് വാങ്ങുന്നതിലടക്കം ഗുരുതര തിരിമറി നടന്നു. 108 ആമ്പുലൻസ് സർവീസ് കരാറിലും വ്യാപകമായ ക്രമക്കേട് നടന്നതായും വ്യവസ്ഥകൾ പാലിക്കാത്തതിനാലാന്ന് ആറന്മുളയിൽ കൊവിഡ് രോഗി പീഡനത്തിനിരയായതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.