ഫാ.യൂജിൻ പെരേര മാധ്യമങ്ങളോട് തിരുവനന്തപുരം : കേരളത്തിന്‍റെ വികസന ചരിത്രത്തില്‍ അനന്ത സാധ്യതകൾ തുറന്നിടുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെത്തിയ (Vizhinjam Port) ആദ്യ ചരക്ക് കപ്പലിന് (First Ship At Vizhinjam Port) ഒക്‌ടോബർ 15ന് ഔദ്യോഗിക സ്വീകരണം നൽകാനിരിക്കെ വീണ്ടും എതിർപ്പ് പരസ്യമാക്കി ലത്തീൻ സഭ. കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ലത്തീൻ സഭയെ സർക്കാർ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്നത് സഭക്ക് കുറച്ചിലാണെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര (Fr Eugene Pereira) പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ 60 ശതമാനം പ്രവർത്തനങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.
അടിസ്ഥാന വികസനങ്ങൾ പോലും പൂർത്തിയായില്ല. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള മാമാങ്കമാണെന്നും യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു. തുറമുഖം വരുന്നതോടെ ഇനിയും നിരവധി ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെടും. മത്സ്യത്തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം നൽകുമെന്ന വാഗ്‌ദാനം പാലിച്ചിട്ടില്ല. റിങ് റോഡ് പണി പാതി വഴിയിലാണ്.
വിഴിഞ്ഞത്ത് ജനങ്ങളെ സർക്കാർ പറ്റിക്കുന്നു :രണ്ട് ക്രെയിൻ വന്നപ്പോൾ ഉദ്‌ഘാടന ചടങ്ങ് നടത്തി ജനങ്ങളെ പറ്റിക്കുകയാണ്. വസ്‌തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ സമർപ്പിച്ചാണ് അനുമതി പോലും നേടിയത്. മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. പക്ഷം ചേർന്നു കൊണ്ടുള്ള രാഷ്‌ട്രീയ സമീപനം സഭ സ്വീകരിച്ചിട്ടില്ല. ലത്തീൻ സഭ വികസനത്തിന് എതിരല്ല.
വിഴിഞ്ഞം വലിയ വികസന പദ്ധതി എന്ന് സർക്കാർ തുടക്കം മുതൽ പറയുന്നതാണ്. എന്നാൽ ആഘാത പഠന റിപ്പോർട്ട് ഇതുവരെ ആയിട്ടില്ല. റിപ്പോർട്ടിന്‍റെ പ്രാഥമിക വിവരങ്ങൾ പോലും കിട്ടിയില്ല. മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനങ്ങളും സർക്കാർ പാലിച്ചില്ല. സർക്കാർ പ്രഖ്യാപനങ്ങളിൽ ക്യാമ്പിൽ കഴിഞ്ഞവർക്ക് നൽകാമെന്ന് പറഞ്ഞ 5500 രൂപയും ഭവന നിർമാണത്തിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിലും അദ്ദേഹം പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവന് ഭരണാധികാരികൾ വില കൽപ്പിക്കണം. സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.
Also Read :First Cargo Ship To Vizhinjam port | വിഴിഞ്ഞത്തേക്കുള്ള കപ്പല്‍ പുറങ്കടലിലെത്തി; 8 വര്‍ഷത്തെ സ്വപ്‌ന സാക്ഷാത്കാരത്തിന് മൂന്ന് ദിവസം കൂടി
കപ്പലിന് ഔദ്യോഗിക സ്വീകരണമൊരുക്കാൻ സർക്കാർ : ചൈനയിലെ ഷാങ്‌ഹായി തുറമുഖത്ത് നിന്നു വിഴിഞ്ഞം തുറമുഖത്തെ ചരക്കു നീക്കത്തിനാവശ്യമായ പടുകൂറ്റന്‍ ക്രെയിനുകളും വഹിച്ചു കൊണ്ടുള്ള ഷെന്‍ ഹുവാ 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞം തുറമുഖത്തെത്തി നങ്കൂരമിട്ടത്. സെപ്‌റ്റംബര്‍ ആദ്യ വാരത്തില്‍ ചൈനയിലെ ഷാങ്‌ഹായി തുറമുഖത്തു നിന്നാണ് കപ്പൽ കേരളത്തിലേക്ക് തിരിച്ചത്. പരമ്പരാഗത രീതിയില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ചരക്കു കപ്പലിനെ വിഴിഞ്ഞം തുറമുഖത്ത് സ്വീകരിച്ചത്. ഒക്‌ടോബര്‍ 15 ന് കപ്പലിന് ഔദ്യോഗിക സ്വീകരണമൊരുക്കിയ ശേഷം ക്രെയിനുകള്‍ തുറമുഖത്ത് ഇറക്കി സ്ഥാപിക്കും.