തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ നാലുവർഷ ബിരുദ പഠനത്തിന് (Four year degree) നാളെ കേരള സര്‍വകലാശാലയിൽ തുടക്കമാകും. കാര്യവട്ടം ക്യാമ്പസിലെ സെന്‍റര്‍ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസിന്‍റെ (Center for Undergraduate Studies) ഭാഗമായാണ് നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ഒരു കോഴ്‌സ് മാത്രമാണ് ആരംഭിക്കുന്നത്.
ബിഎ ഓണേഴ്‌സ് പൊളിറ്റിക്കൽ ആന്‍റ് ഇന്‍റർനാഷണൽ റിലേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുക. ആദ്യ വർഷം ഫൗണ്ടേഷൻ കോഴ്‌സും രണ്ടാം വർഷം മുതൽ വിഷയാധിഷ്‌ഠിത പഠനവുമാണ് നടക്കുക. ഇവയിൽ ഏതെങ്കിലും ഒന്ന് മേജർ ആയും ബാക്കിയുള്ളത് ഉപ വിഷയങ്ങളായും പഠിക്കാം. ആകെ 30 സീറ്റുകളിലേക്കായി 301 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ നിന്നും മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയത്.
നാലു വർഷ ബിരുദ വിഭാഗത്തിൽ അധ്യാപകരാവുന്നത് സർവകലാശാലയിലെ വിരമിച്ച അധ്യാപകരായിരിക്കും. എമിരറ്റസ് പ്രൊഫസർമാരായാണ് ഇവരെ പരിഗണിക്കുക. വിരമിച്ച അധ്യാപകർക്ക് യുജിസി നൽകുന്ന ദേശീയ അംഗീകാരമാണ് എമിരറ്റസ്. നാലുവർഷ ബിരുദ കോഴ്‌സില്‍ മൂന്നുവർഷം കഴിയുമ്പോൾ ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കിയാൽ ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡിഗ്രിയും നേടാം.
നാലാം വർഷത്തിൽ പ്രധാന വിഷയങ്ങള്‍ അടിസ്ഥാനമാക്കി ഡെസേർട്ടഷൻ, ഇന്‍റേണ്‍ഷിപ്പ്, ഫീൽഡ് സർവേ എന്നിവയാണ് ഉണ്ടാവുക. നാലുവർഷം പൂർത്തിയാക്കിയാൽ പിന്നീട് പിജിക്ക് ഒരു വർഷം പഠിച്ചാൽ മതിയാകും. അടുത്ത അധ്യയന വർഷം തൊട്ട് കേരള സർവകലാശാലയിലെ എല്ലാ കോളജുകളിലും ബിരുദ കോഴ്‌സ് നാലുവർഷമാവും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോസയൻസ് കോഴ്‌സ് മാതൃകയിൽ 15 അത്യാധുനിക കോഴ്‌സുകൾ തുടങ്ങും.