തിരുവനന്തപുരം : കിഫ്‌ബി മസാലബോണ്ട് കേസിൽ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചത് രാഷ്ട്രീയ നീക്കമാണെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ഇഡിയുടെ നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
തനിക്ക് നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. അങ്ങനെയൊരു നോട്ടിസുണ്ടെങ്കിൽ അത് രാഷ്ട്രീയമായ നീക്കമായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടും. നോട്ടിസ് കിട്ടിയാൽ ഹാജരാകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
മുൻ ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങളോട് അസാധ്യമെന്ന് ആളുകൾ കരുതിയിരുന്ന വികസന പ്രവർത്തനങ്ങൾ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നു. ഇത് ബിജെപിയെ ചെറുതായല്ല അലോസരപ്പെടുത്തുന്നത്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായ നികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. ഇപ്പോൾ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യങ്ങളുമുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു.
Also Read: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകള്‍ : തോമസ് ഐസക്കിന് ഇഡി നോട്ടിസ്
കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്‌ച രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ്. കേന്ദ്ര സർക്കാരിന്‍റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചത്.