തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജനേയും സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിനേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സഘത്തലവന്‍ കൂടിയായിരുന്നു എ ഹേമചന്ദ്രന്‍. കമ്മിഷന്‍ പലപ്പോഴും സദാചാര പൊലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീ - പരുഷ ബന്ധത്തിന്‍റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നെന്നും ഇന്ന് (മെയ് എട്ട്) വൈകിട്ട് പുറത്തിറങ്ങാനിരിക്കുന്ന ഹേമചന്ദ്രന്‍റെ സര്‍വീസ് സ്റ്റോറിയായ 'നീതി എവിടെ' എന്ന പുസ്‌തകത്തില്‍ വിമര്‍ശിക്കുന്നു.
സോളാര്‍ തട്ടിപ്പും അനുബന്ധ വിഷയങ്ങളുമായിരുന്നു കമ്മിഷന്‍റെ മുഖ്യ വിഷയമെങ്കിലും തട്ടിപ്പും അതിനിരയായവരെയും മറന്ന് 'അനുബന്ധ' വിഷയങ്ങളിലായിരുന്നു കമ്മിഷന്‍റെ കഠിനാധ്വാനം മുഴുവനെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊതുജനം അറിഞ്ഞത്. തനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അതിന്‍റെ സൂചനകള്‍ നേരിട്ട് ലഭിച്ചത് കമ്മിഷനില്‍ മൊഴി നല്‍കാന്‍ പോയ അവസരത്തിലാണെന്നും പുസ്‌തകത്തില്‍ പറയുന്നു.
തെളിവെടുപ്പിന് പോയത് സഹകരിക്കണമെന്ന ചിന്തയോടെ:നേരത്തെ കമ്മിഷനില്‍ തെളിവ് നല്‍കാന്‍ പോയ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പിമാര്‍ അവിടെ നിന്നുണ്ടായ അനുഭവം തന്നോട് പറഞ്ഞിരുന്നു. സോളാര്‍ അന്വേഷണ ചുമതലയൊക്കെ അവസാനിപ്പിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് കമ്മിഷനില്‍ മൊഴി നല്‍കാന്‍ പോകുന്നത്. ബഹുമാന്യനായ ഒരു ഹൈക്കോടതി ജഡ്‌ജി ചുമതല വഹിക്കുന്ന കമ്മിഷനോട് സഹകരിക്കണം എന്ന മനസോടെയാണ് തെളിവെടുപ്പിന് പോയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണ കമ്മിഷനില്‍ കക്ഷിയായിരുന്നില്ല. സാക്ഷികള്‍ എന്ന നിലയില്‍ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കമ്മിഷന് മുന്നില്‍ ഹാജരായത്.
പൊലീസ് അന്വേഷണം വിലയിരുത്തേണ്ടത് അന്വേഷണ കമ്മിഷനല്ല, വിചാരണ കോടതികളാണ് എന്നായിരുന്നു തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എങ്കിലും കമ്മിഷനോട് കഴിയുന്നത്ര സഹകരിച്ചു പോകുക എന്ന സമീപനമാണ് സ്വീകരിച്ചത്. വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് ഇരകളെ പറ്റിക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഫാറൂഖ് അബ്‌ദുള്ളയുമായുള്ള ബന്ധത്തെ കുറിച്ചും ചോദ്യം:കശ്‌മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്‌ദുള്ളയുമായി തനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്‍റെ മകന്‍ ഒമര്‍ അബ്‌ദുള്ള സഹപാഠിയാണെന്നും മറ്റും ഡോ. ബി.ആര്‍ നായര്‍ എന്ന ബിജു രാധാകൃഷ്‌ണന്‍ തട്ടിപ്പിനിരയായ ചിലരോട് പറഞ്ഞിരുന്നു. നിങ്ങള്‍ എന്തുകൊണ്ട് ഫാറൂഖ് അബ്‌ദുള്ളയെ ചോദ്യം ചെയ്‌തില്ലെന്നായിരുന്നു കമ്മിഷന്‍റെ ചോദ്യം. ഒമര്‍ അബ്‌ദുള്ള പത്തനംതിട്ടയിലോ കൊല്ലത്തോ വന്ന് പഠിച്ചാല്‍ മാത്രമെ ഡിഗ്രി തോറ്റ തട്ടിപ്പുകാരനൊപ്പം പഠിക്കാനാകൂ എന്ന് ആര്‍ക്കും മനസിലാകേണ്ടതാണെന്ന് ഹേമചന്ദ്രന്‍ പരിഹസിക്കുന്നു.
അതും കടന്ന് ഫാറൂഖ് അബ്‌ദുള്ളയെ എങ്ങനെ ചോദ്യം ചെയ്യണം എന്നുകൂടി കമ്മിഷന്‍ തന്നെ വിവരിക്കുമെന്നും ഹേമചന്ദ്രന്‍ വെളിപ്പെടുത്തുന്നു. സുരേഷ് ഗോപി നായകനായ ചില പൊലീസ് സിനിമകളിലെ ആശയങ്ങളാണ് ചോദ്യം ചെയ്യേണ്ടതെങ്ങനെയെന്ന് കമ്മിഷന്‍ ക്ലാസ് എടുക്കുന്നത്. സാമ്പത്തിക തട്ടിപ്പായിരുന്നു അന്വേഷണത്തിന്‍റെ പ്രധാന വിഷയമെങ്കിലും പലപ്പോഴും കമ്മിഷന്‍റെ ചോദ്യങ്ങളുടെ ഉന്നം കുറ്റവാളികളില്‍ നിന്നും സ്ത്രീ - പുരുഷ ബന്ധത്തിന്‍റെ മസാലക്കഥകള്‍ വല്ലതും കിട്ടിയോ എന്നായിരുന്നു.
ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം പോലും അന്വേഷിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉദ്യോഗസ്ഥര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. തട്ടിപ്പ് കേസും ഇതുമായി എന്ത് ബന്ധം എന്ന് വിരമിച്ച ജഡ്‌ജിയോട് ആര് പറയാന്‍ എന്ന് പരിഹാസ രൂപേണ അദ്ദേഹം സോളാര്‍ കമ്മിനോട് ചോദിക്കുന്നു. കമ്മിഷന്‍റെ ഭാഗത്തുനിന്നുള്ള തമാശകളും പരാമര്‍ശങ്ങളും അരോചകമായിരുന്നു. ഇത് സംബന്ധിച്ച് കമ്മിഷന് മുന്നില്‍ ഹാജരായ ഉദ്യോഗസ്ഥര്‍ അന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്‌തു.