തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പ്രതികളെ സഹായിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ വനം വകുപ്പ് മേധാവി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് വനം മന്ത്രി ഇടപെട്ട് മരവിപ്പിച്ചത്.
ലക്കിടി ചെക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്. ചെക്പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടിമരം കൊണ്ടുവന്ന ലോറി കടത്തിവിട്ടതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ALSO READ:പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍
അതേസമയം മുട്ടിൽ മരംമുറി കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആരോപിച്ചു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് ഇതിന് തെളിവാണ്. തുടക്കം മുതൽ അന്വേഷണം തടസപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടന്നത്.
പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും യഥാർത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം സർക്കാർ ഇതുവരെയും അംഗീകരിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.