തിരുവനന്തപുരം:മനുഷ്യനു മാത്രമല്ല, പക്ഷികൾക്കും വേണം പാർപ്പിടം. തലസ്ഥാന നഗരത്തിൽ കുരുവികൾക്ക് കരുതലേകാൻ മുൻ കൈ എടുക്കുകയാണ് വനം വകുപ്പും റൈറ്റേഴ്‌സ് ആൻഡ് നേച്ചർ ലവേഴ്‌സ് ഫോറവും. നഗരത്തിലെ കമ്പോളങ്ങളിലെ പഴയ കെട്ടിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയേപ്പാൾ കൂടൊരുക്കാനുള്ള ഇടം നഷ്‌ടപ്പെട്ട അങ്ങാടിക്കുരുവികൾക്ക് കൃത്രിമ കൂടുകൾ സ്ഥാപിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് പാളയം കണ്ണിമേറ മാർക്കറ്റിൽ തുടക്കമായി.
അങ്ങാടിക്കുരുവികളെ സംരക്ഷിക്കാന്‍ 'കുരുവിക്കൊരു കൂട് പദ്ധതി'യുമായി വനംവകുപ്പ് മാര്‍ക്കറ്റുകളില്‍ സ്‌ക്വാഡ്:കുരുവിക്കൊരു കൂട് എന്ന പേരിൽ 50 വീതം കൂടുകൾ ചാല ഉൾപ്പെടെ നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ സ്ഥാപിക്കും. ഇത് കൂടാതെ ഇവയ്ക്ക് വെള്ളവും ആഹാരത്തിനായി ധാന്യങ്ങളും കൂടിന് സമീപം ഒരുക്കിയിട്ടുണ്ട്. കൂടുകൾ സംരക്ഷിച്ച് അങ്ങാടിക്കുരുവികൾക്ക് വെള്ളവും, ആഹാരവും നൽകുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമുള്‍പ്പെടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്‌ക്വാഡ് രൂപീകരിക്കും.
മാസത്തിലൊരിക്കൽ സ്ക്വാഡിലെ അംഗങ്ങളുമായി വിലയിരുത്തി പോരായ്‌മകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും പാളയം വാർഡ് കൗൺസിലർ പാളയം രാജൻ പറഞ്ഞു. ഒരുകാലത്ത് കേരളത്തില്‍ സുലഭമായിരുന്ന അങ്ങാടി കുരുവികള്‍ ഇന്ന് വിരളമായാണ് കാണപ്പെടുന്നത്. പഴയ കെട്ടിടങ്ങളുടെ മച്ചുകളിലും തൂണുകൾക്കിടയിലും കൂടുകൂട്ടിയിരുന്ന ഈ പക്ഷികൾക്ക്, കെട്ടിടങ്ങൾ കോൺക്രീറ്റിലേക്ക് മാറിയപ്പോൾ ഇടം നഷ്‌ടമായി. അങ്ങനെയാണ് ഇവയ്ക്ക് സംരക്ഷണം എന്ന ആശയം തലസ്ഥാനത്ത് ഉടലെടുത്തത്.
കുഞ്ഞുകിളികളെ ചേർത്തുപിടിക്കാന്‍ പദ്ധതി:ശരാശരി 14 മുതൽ 16 സെന്‍റി മീറ്റര്‍ വരെയാണ് ഇവയുടെ വലിപ്പം. ആൺപക്ഷിക്ക് കഴുത്തിന്‍റെ കീഴ്ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. മനുഷ്യവാസ കേന്ദ്രങ്ങളിലാണ് അങ്ങാടിക്കുരുവികളെ കൂടുതലായും കാണപ്പെടുന്നത്.
യൂറോപ്പിന്‍റെയും ഏഷ്യയുടെയും മിക്ക ഭാഗങ്ങളിലും ഇവയെ കാണാം. ധാന്യങ്ങളുടെയും കളകളുടെയും വിത്തുകളാണ് പ്രധാന ഭക്ഷണം. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കുഞ്ഞുകിളികളെ ചേർത്തുപിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.