തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുമായി ടൂറിസം വനം വകുപ്പ് അധികൃതര്‍. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകൾ തുടങ്ങി വിനോദസഞ്ചാരികള്‍ക്കായി വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളിലും കര്‍ശനമായ പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട് മേപ്പാടിയിലേത് പോലുള്ള അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ടൂറിസം വകുപ്പ് - അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങൾ
റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകൾ തുടങ്ങി വിനോദസഞ്ചാരികള്‍ക്കായി വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളിലും കര്‍ശനമായ പരിശോധന നടത്താനൊരുങ്ങി ടൂറിസം വനംവകുപ്പ് അധികൃതർ
മേപ്പാടിയിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും താത്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കിയിരുന്നു. വിശദമായ പരിശോധന നടത്തി അനധികൃതമായിട്ടുള്ളവ ഒഴിവാക്കി മറ്റുള്ളവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് തീരുമാനം. ഇതേ മാതൃകയില്‍ സംസ്ഥാനത്ത് മുഴുവന്‍ പരിശോധന നടത്താനാണ് ടൂറിസം വകുപ്പിന്‍റെ നീക്കം. മേപ്പാടിയിലെ റിസോര്‍ട്ടിന് ഹോംസ്റ്റേ ലൈസന്‍സ് മാത്രമാണുണ്ടായിരുന്നത്. ഇവിടെ ടെന്‍റുകൾ നിർമിച്ച് വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കിയത് അനധികൃതമായാണ്. ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി നിയവിരുദ്ധ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
2015ല്‍ സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ ഇതിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മാര്‍ഗനിർദേശം പുറത്തിറക്കിയിരുന്നു. ഈ മേഖലയിലെ നിക്ഷേപകരോട് കൂടി സംസാരിച്ച് ഉറപ്പിച്ചാണ് ഇത്തരമൊരു മാര്‍ഗനിർദേശം തയാറാക്കിയത്. ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് വനം വകുപ്പിന്‍റെയും തീരുമാനം. അനധികൃത നിർമാണങ്ങള്‍ പൊളിച്ചുമാറ്റും. ഇതോടൊപ്പം വനത്തിലേക്കുള്ള ട്രക്കിങ് അടക്കമുള്ള സാഹസിക ടൂറിസം പദ്ധതികള്‍ അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വന്യമൃഗങ്ങളുടെ സഞ്ചാരമേഖലയില്‍ ഒരു വിനോദസഞ്ചാര പദ്ധതിയും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.