കേരളം

kerala

ETV Bharat / state

ജനത്തിന് അഭിപ്രായം പറയാം: മനുഷ്യ, വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതി ആലോചിച്ച് സർക്കാർ - വനം മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലായാണ് വന സൗഹൃദ സദസ് സംഘടിപ്പിക്കുക. പരിപാടിയില്‍ വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും യുദ്ധകാല അടിസ്ഥാനത്തില്‍ നഷ്‌ടപരിഹാരം നല്‍കും.

Forest department new project  new project to diminish man animal issues  man animal issues  man animal issues Kerala  വന സൗഹൃദ സദസിലൂടെ ജനങ്ങളുടെ അഭിപ്രായം തേടും  വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി  വന സൗഹൃദ സദസ്  വന്യജീവി  വന്യജീവി ആക്രമണം  കൃഷി നാശം  വനം മന്ത്രി എ കെ ശശീന്ദ്രന്‍  ത്രിതല പഞ്ചായത്ത്
എ കെ ശശീന്ദ്രന്‍

By

Published : Mar 30, 2023, 9:25 AM IST

തിരുവനന്തപുരം: മനുഷ്യ, വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കാലോചിതമായ മാറ്റം വരുത്താൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ഒരുങ്ങി സർക്കാർ. ഇതിനായി സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലായി വന സൗഹൃദ സദസ് സംഘടിപ്പിക്കും. ഇതിലൂടെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും കൃഷി നാശം സംഭവിച്ചവർക്കും യുദ്ധകാല അടിസ്ഥാനത്തിൽ നഷ്‌ടപരിഹാരം നൽകും.

മനുഷ്യ, വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ നിന്നും വിദഗ്‌ധരിൽ നിന്നും സ്വീകരിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ത്രിതല പഞ്ചായത്ത്, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും സദസ് സംഘടിപ്പിക്കുക. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്‌ത പ്രശ്‌നങ്ങളും പരിഹാരങ്ങളും ആണ് ആവശ്യമെന്നും ചിലയിടത്ത് കാട്ടാനയാണ് ചിലയിടത്ത് കുരങ്ങുകളുമാണ് പ്രശ്‌നം എന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഇവ പരിഹരിക്കുന്നതിന് കേന്ദ്ര നിയമങ്ങൾ പ്രകാരമുള്ള കർശന നടപടിക്രമങ്ങൾ കാലതാമസം വരുത്തുന്നുണ്ട്. ഇതിനായി പ്രാദേശിക തലത്തിൽ പരിഹാരം കാണുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നി പ്രശ്‌നം പരിഹരിക്കാൻ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുമതി കിട്ടിയിട്ടില്ലെന്നും ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം വിട്ട് നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ രണ്ടിന് വന സൗഹൃദ സദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മാനന്തവാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സമാപനം തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഏപ്രിൽ 28ന് നടക്കും. ഇതിനുപുറമെ താലൂക്ക് തലങ്ങളിൽ അദാലത്ത് സംഘടിപ്പിക്കുകയും ഇതിലൂടെ പുതുതായി ലഭിക്കുന്ന പരാതികളും അപേക്ഷകളും പരിശോധിച്ച് തീർപ്പാക്കുകയും ചെയ്യും.

മിഷന്‍ അരിക്കൊമ്പനും ഇടുക്കി നിവാസികളും:അതേസമയം ജനവാസ മേഖലയില്‍ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഹൈക്കോടതി തടഞ്ഞിരുന്നു. കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ ജനകീയ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാജകുമാരി, ചിന്നക്കനാല്‍, ശാന്തന്‍പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇന്ന് ഹര്‍ത്താല്‍. മിഷന്‍ അരിക്കൊമ്പന്‍ കോടതി തടഞ്ഞതോടെ ഇന്നലെ പ്രതിഷേധവുമായി നാട്ടുകാര്‍ കുങ്കിത്താവളത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ജനവാസ മേഖലയില്‍ ഭീതി വിതച്ച് സ്വൈര്യ വിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള നീക്കം കോടതി തടഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കുന്ന നടപടി നിലവില്‍ സ്വീകാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പൊറുതി മുട്ടിയ 301 കോളനിയിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് ശാശ്വതമായ മാര്‍ഗമാണെന്നും കോടതി വിലയിരുത്തി.

കോടതി വിധിയില്‍ സര്‍ക്കാരിനും വനം വകുപ്പിനും എതിരെ ഇടുക്കി നിവാസികള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുമെന്ന് പറഞ്ഞ് വനം വകുപ്പ് തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ജനങ്ങളുടെ ആരോപണം. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അനുകൂല വിധി പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ നടപടി.

ABOUT THE AUTHOR

...view details