തിരുവനന്തപുരം:സംസ്ഥാനത്ത് ഇപോസ് മെഷീനുകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം 2019 ഡിസംബര്‍ വരെ പ്രതിമാസം ശരാശരി 4,955 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി റേഷന്‍കടകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ സഭയെ അറിയിച്ചു. എം. രാജഗോപാലിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇ പോസ് യന്ത്രങ്ങള്‍ വന്നതിന് ശേഷം ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് പി. തിലോത്തമൻ
റേഷന്‍കടകളില്‍ പ്രതിമാസം ശരാശരി 4,955 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കെട്ടികിടക്കുന്നത്
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ വാങ്ങാത്ത 39,068 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം-6040, കൊല്ലം 4345, പത്തനംതിട്ട 2037, ആലപ്പുഴ 3270, കോട്ടയം 2463, ഇടുക്കി 2699, എറണാകുളം 5277, തൃശൂര്‍ 2649, പാലക്കാട് 4278, മലപ്പുറം 1749, കോഴിക്കോട് 1582, വയനാട് 737, കണ്ണൂര്‍ 1103, കാസര്‍കോട് 839 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആറുമാസത്തേക്ക് റേഷന്‍ വേണ്ടെന്ന് വയ്ക്കുന്നതിന് റേഷന്‍ ഗിവ് അപ് പദ്ധതി നിലവിലുണ്ട്. ഇതുവരെ 917 പേര്‍ ഈ പദ്ധതി പ്രകാരം റേഷന്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും സി.കെ ആശ, മുല്ലയ്ക്കല്‍ രത്‌നാകരന്‍, ചിറ്റയം ഗോപകുമാര്‍, ജി.എസ് ജയലാല്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.