തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന ഇന്നും തുടരും. സ്‌കൂളുകളിലെ ഭക്ഷണ വിതരണത്തിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ പരിശോധനയ്ക്ക് നേതൃത്വം നൽകും.
ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുന്ന ജലത്തിൻ്റെ ഗുണനിലവാരം ജല അതോറിറ്റി ഉറപ്പുവരുത്തും. രണ്ടുദിവസത്തിനകം പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കാനാണ് മന്ത്രി ജി ആർ അനിൽ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. സ്‌കൂൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.