തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഒറ്റദിവസം കൊണ്ട് നടത്തിയത് റെക്കോഡ് പരിശോധന. 3340 പരിശോധനകളാണ് ബുധനാഴ്‌ച (26.07.23) മാത്രം സംഘം നടത്തിയത്. വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10.30 വരെയുള്ള സമയത്താണ് ഇത്രയും പരിശോധനകള്‍ നടത്തിയിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനകളില്‍ നിന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനകളില്‍ നിന്ന് 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്‌ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ വി.ആര്‍ വിനോദ്, ജോയിന്‍റ് കമ്മിഷണര്‍ ജേക്കബ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനങ്ങള്‍ ഒറ്റനോട്ടത്തില്‍:തിരുവനന്തപുരം-392, കൊല്ലം-227, പത്തനംതിട്ട-118, ആലപ്പുഴ-220, കോട്ടയം-230, എറണാകുളം-287, ഇടുക്കി-103, തൃശൂര്‍-303, പാലക്കാട്- 269, മലപ്പുറം- 388, കോഴിക്കോട്- 333, വയനാട്- 76, കണ്ണൂര്‍- 289, കാസര്‍ഗോഡ്- 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടിസും 135 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടിസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. മാത്രമല്ല ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു.
Also Read: കോട്ടയത്ത് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി; മത്സ്യം പാകം ചെയ്‌ത് കഴിച്ചയാള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടര്‍ന്ന് നടപടി
ഭക്ഷ്യ സുരക്ഷ വകുപ്പ് 385 ഷവര്‍മ വില്‍പനശാലകളില്‍ പരിശോധനകള്‍ നടത്തി. ആകെ 13 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാന തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് സ്പെഷ്യല്‍ സ്‌ക്വാഡിലുണ്ടായിരുന്നത്.
പരിശോധനയിലേക്ക് ഇങ്ങനെ:പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്‌തുതകള്‍ അടങ്ങിയ ചെക്ക് ലിസ്‌റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക, ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്തിക്കൊണ്ടുവരിക, എല്ലാവര്‍ക്കും ട്രെയിനിങ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, സ്ഥാപനങ്ങളിലുള്ള പോരായ്‌മകള്‍ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരെ ബോധ്യമാക്കി സ്വയം തിരുത്തലുകള്‍ക്ക് അവരെ സജ്ജമാക്കുക, സ്ഥാപനങ്ങളുടെ പരിസര ശുചിത്വവും വേസ്‌റ്റ് മാനേജുമെന്‍റും കുറ്റമറ്റതാക്കുക, സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ ശുചിത്വം പാലിക്കുന്നതിന് അവരെ പര്യാപ്‌തരാക്കുക, കളറുകളും, ഗുണനിലവാരമില്ലാത്ത എണ്ണകളും ഉപയോഗിക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ കാരണം.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയില്‍ നിന്ന് സുരക്ഷിത ഭക്ഷണം ലഭിക്കുന്നിടമായി കേരളത്തെ മാറ്റുമെന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് കര്‍ശന പരിശോധന. മാത്രമല്ല ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരത്തെ ഹെല്‍ത്ത് കാര്‍ഡുകളും നിര്‍ബന്ധമാക്കിയിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ തീരുമാനം.
Also Read: ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാമത്; ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം