തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാര്‍സലുകള്‍ നിരോധിച്ചു. ഭക്ഷണ പൊതികളില്‍ പാകം ചെയ്‌ത തിയതി, സമയം പുറമെ എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
'എപ്പോള്‍ പാകം ചെയ്‌തു, എത്ര സമയം കൊണ്ട് കഴിക്കണം'; സ്ലിപ്പ് ഇല്ലാത്ത ഭക്ഷണ പാര്‍സല്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റുള്ള മരണമുണ്ടാവുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണം
ഫുഡ് സേഫ്‌റ്റി സ്റ്റാന്‍ഡേര്‍ഡ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. ഇത്തരത്തിലുള്ള ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്‌മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്‌മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും ആകാന്‍ സാധ്യതയുണ്ട്.
ഇക്കാരണത്താല്‍ തന്നെ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഭക്ഷ്യവിഷബാധ ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സ്‌റ്റിക്കര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമകളുടെ സംഘടനകളുമായുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. നേരത്തെ പച്ചമുട്ട ഉപയോഗിച്ചുള്ള മയണൈസ് സംസ്ഥാനത്ത് നിരോധിച്ചിരുന്നു.