തിരുവനന്തപുരം :മഴ ശക്തിയായി പെയ്യുമ്പോള്‍ പ്രളയഭീതി മലയാളിയെ വേട്ടയാടുന്നുണ്ട്. പോയ വര്‍ഷങ്ങളിലെ പ്രളയങ്ങള്‍ അത്രയധികം കേരളത്തെ ബാധിച്ചിരുന്നു. നദികള്‍, ചാലുകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് സാധാരണ ഗതിയിലും ഉയരുകയും ജനവാസ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യുന്നതാണ് പൊതുവില്‍ വെള്ളപ്പൊക്കമായി വിലയിരുത്തുന്നത്.
സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പിന്നില്‍ പ്രകൃതയില്‍ മനുഷ്യന്‍ നടത്തുന്ന കൈകടത്തലുകള്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ദേശീയ ശരാശരിയേക്കാള്‍ 3000 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ പ്രകൃതിയുടെ ജൈവിക ഘടനയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന മാറ്റം മഴക്കാലത്ത് വിപത്താണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയുടേയും കാലാവസ്ഥ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇത്തവണ റവന്യു വകുപ്പ് തങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പാണ് പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നോഡല്‍ വകുപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ വകുപ്പുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. കൊവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സഹചര്യത്തില്‍ മുന്‍കരുതലുകള്‍ ഏറെ പ്രധാനമാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം.
എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
1. ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍)
2. പെട്ടെന്ന് നാശമാകാതെ ഉപയോഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ഥങ്ങള്‍ (ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവ)
3. ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ എമര്‍ജന്‍സി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിന്‍ ഗുളികകളും സൂക്ഷിക്കണം
4. ആധാരം, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഒരു കവറില്‍ പൊതിഞ്ഞ് എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം
5. ദുരന്ത സമയത്ത് നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ യഥാസമയം കേള്‍ക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു റേഡിയോ കരുതണം
6. വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് തുടങ്ങിയവ കരുതണം
7. ഒരു ജോഡി വസ്ത്രം