തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് (Flood in Trivandrum) പ്രശ്‌നത്തിന് പരിഹാരം കാണാൻ ദീർഘകാല പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് വെള്ളക്കെട്ട് നേരിടാനുള്ള ദീർഘകാല പദ്ധതിക്ക് (Flood prevention master plan) രൂപം നൽകാൻ തീരുമാനമായത്. ഉത്തരാഖണ്ഡിലെ ഐഐടി റൂർക്കിയാണ്(IIT Roorkee) വെള്ളക്കെട്ട് പരിഹരിക്കാനുള്ള മാസ്റ്റർ പ്ലാനിന് രൂപം നൽകുക.
കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ യോഗത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായത്. കൗൺസിൽ യോഗം ഏകകണ്‌ഠമായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയുടെ ശുപാർശ പാസ്സാക്കിയത്.
ഈ മാസം തന്നെ ഒറ്റരാത്രി പെയ്‌ത മഴയിൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങുന്നത് രണ്ടാം തവണയാണ്. വെള്ളക്കെട്ടിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെണ് ആവശ്യപ്പട്ട് കഴിഞ്ഞ ദിവസം ബിജെപി കൗൺസിലർമാർ നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസിനെ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ വെള്ളക്കെട്ടിന് പിന്നാലെ വാർഡ് തലത്തിൽ ഓടകൾ വൃത്തിയാക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനിച്ചിരുന്നു. ഇതിനായി 100 വാർഡുകളിൽ നിന്നും 1കോടി 37 ലക്ഷം രൂപ എസ്റ്റിമേറ്റ് നഗരസഭക്ക് ലഭിച്ചിരുന്നു. ഓടകൾ വൃത്തിയാക്കാനായി 50 ലക്ഷം രൂപ ഇതു വരെ അനുവദിക്കുകയും ചെയ്‌തു.