തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാന സർക്കാർ ചരക്ക് സേവന നികുതിയുടെ മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചു. 2018 ലെ പ്രളയത്തെ തുടർന്നാണ് സെസ് ഏർപ്പെടുത്തിയത്. വാഹനങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, സ്വർണം, വെള്ളി തുടങ്ങിയവയ്ക്ക് വില കുറയും.
കൂടുതല്‍ വായനക്ക്: പ്രളയ സെസിന്‍റെ കാലാവധി ഇന്ന് കൂടി; ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും
ജൂലായ് മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ശതമാനത്തിനു മുകളിൽ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയസെസ് ചുമത്തിയത്. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമായിരുന്നു പ്രളയ സെസ്.
ഇത് വഴി ഏകദേശം 1600 കോടി രൂപ പിരിച്ചെടുക്കാൻ ആയി. ജനങ്ങൾക്ക് ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി അറിയിച്ചു. കാർ, ബൈക്ക്, ടിവി, ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് അധിക നികുതി ചുമത്തിയത്.