കേരളം

kerala

ETV Bharat / state

CPM | 'രക്തസാക്ഷി ഫണ്ടില്‍ നിന്നും 5 ലക്ഷം മുക്കി'; സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി തട്ടിപ്പ് ആരോപണം; അന്വേഷണം - സിപിഎം

സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് രക്തസാക്ഷി ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം മുക്കിയെന്ന ആരോപണമുയര്‍ന്നത്

Etv Bharat
Etv Bharat

By

Published : Jul 10, 2023, 7:36 AM IST

തിരുവനന്തപുരം:രക്തസാക്ഷി ഫണ്ടിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം തട്ടിപ്പ് നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷിക്കും. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്‌ണു - രക്തസാക്ഷി ഫണ്ടിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ല സെക്രട്ടറി വി ജോയ് ആണ് പരാതി അന്വേഷിക്കുന്നത്.

എസ്എഫ്ഐ നേതാക്കളുടെ പേരിൽ ഉയർന്ന വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ കെട്ടടങ്ങും മുൻപുതന്നെ സിപിഎം നേതാവിന്‍റെ പേരിൽ ഉയർന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പാർട്ടിയെ കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ്. ശനിയാഴ്‌ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. 2008ൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകനായ വഞ്ചിയൂർ വിഷ്‌ണുവിന്‍റെ കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കാനും നൽകിയ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ തട്ടിയെന്നാണ് പരാതി.

ALSO READ |CPM leadership meeting | ആരോപണ നടുവില്‍ സർക്കാരും പാർട്ടിയും എസ്എഫ്ഐയും: സിപിഎം നേതൃ യോഗങ്ങൾ തുടങ്ങുന്നു, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ചര്‍ച്ചാവിഷയം

രവീന്ദ്രൻ നായരുടെ അക്കൗണ്ടിലായിരുന്നു അന്ന് പണം ശേഖരിച്ചത്. 11 ലക്ഷം രൂപയാണ് വിഷ്‌ണുവിന്‍റെ കുടുംബത്തിന് നൽകിയത്. ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരിലാണ് സൂക്ഷിച്ചത്. ഇങ്ങനെ സൂക്ഷിച്ച ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് ലോക്കൽ കമ്മിറ്റിയുടെ കണ്ടെത്തൽ. ലോക്കൽ കമ്മിറ്റിയാണ് ക്രമക്കേട് ഏരിയ കമ്മിറ്റിയെ അറിയിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭാഗത്ത്‌ നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ, സിപിഎം നേതാവിന്‍റെ പേരിൽ ഉയർന്ന ആരോപണം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

സിപിഎമ്മിലെ വിവാദങ്ങള്‍ക്ക് പുറമെ വെട്ടിലാക്കി എസ്‌എഫ്‌ഐയും:സിപിഎമ്മില്‍ നിരവധി വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന വിഷയങ്ങള്‍ എസ്‌എഫ്‌ഐയില്‍ നിന്നുമുണ്ടായത്. അടുത്തിടെയാണ് എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ച മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ കേസ് പുറത്തുവന്നത്. ഇതിന് തൊട്ടുപിന്നാലെ അടുത്ത വിവാദവും ഉയർന്നുവന്നു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടിയ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്‍റെ വിഷയമാണ് പുറത്തുവന്നത്. പുറമെ കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസുകൂടെ ആയതോടെ ഈ വിഷയങ്ങളെല്ലാം പ്രതിപക്ഷം ആളിക്കത്തിച്ചു.

ALSO READ |SFI CPM | വിവാദങ്ങള്‍ ക്ഷീണമായി; എസ്എഫ്ഐയെ സിപിഎം പഠിപ്പിക്കും

ഇത് എസ്എഫ്ഐയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിച്ഛായ വീണ്ടെടുക്കാൻ സിപിഎം നേതൃത്വം മുൻകൈ എടുത്ത് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് പഠനക്ലാസ് നടത്തുകയാണ്. ഇതിന് പിന്നാലെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി അടുത്ത വിവാദവും ഉയർന്നുവന്നത്.

ABOUT THE AUTHOR

...view details