തിരുവനന്തപുരം : ഈ വര്‍ഷം ജൂണ്‍ 30ന് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കായി കേരളത്തില്‍ നിന്നുള്ള അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പദ്‌മകുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ്, ഇന്‍റലിജന്‍സ് എഡിജിപി ടി കെ വിനോദ്‌കുമാര്‍, ബെവ്റേജസ് കോര്‍പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്‌ത, സപ്ലൈകോ സിഎംഡി സഞ്ജീവ്കുമാര്‍ പട്‌ജോഷി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇവര്‍ക്കുപുറമെ കേന്ദ്ര സര്‍വീസില്‍ നിന്നുള്ള കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍(സ്‌പെഷ്യല്‍ ഡയറക്‌ടര്‍, സിആര്‍പിഎഫ്), ഹരിനാഥ് മിശ്ര(ഡയറക്‌ടര്‍, ഐബി), റാവാഡ ചന്ദ്രശേഖര്‍(എഡിജിപി, ഐബി) എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് സംസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അഞ്ചില്‍ ഒരാള്‍ : ഇതോടെ സംസ്ഥാനത്തുള്ള അഞ്ച് പേരില്‍ നിന്ന് മൂന്നുപേരടങ്ങിയ പാനല്‍ തയ്യാറാക്കി യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്ന് ഒരാളെയായിരിക്കും സര്‍ക്കാര്‍ അടുത്ത പൊലീസ് മേധാവിയായി നിശ്ചയിക്കുക. 30 വര്‍ഷം സര്‍വീസുള്ളവരും ആറുമാസത്തില്‍ കുറയാത്ത സര്‍വീസ് അവശേഷിക്കുന്നതുമായ ഐപിഎസ് ഉദ്യാഗസ്ഥരാണ് സംസ്ഥാന പൊലീസ് മേധാവി പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യതയുള്ളത്.
യുപിഎസ്‌സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് ഈ പട്ടികയില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുക. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ പദ്‌മകുമാറിനും ഇന്‍റലിജന്‍സ് മേധാവി ടി കെ വിനോദ്‌കുമാറിനും സപ്ലൈകോ എംഡി സഞ്ജീവ് കുമാര്‍ പട്‌ജോഷിക്കും 2025 വരെയും ഷേക്ക് ദര്‍വേഷ് സാഹിബിന് 2024 വരെയും സര്‍വീസുണ്ട്.