കേരളം

kerala

ETV Bharat / state

സ്വപ്നം പൂവണിയുന്നു: കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങി - കെഎസ്ആർടിസി സ്വിഫ്റ്റ്

ഡൽഹിയിലെ പി എം ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷന് 50 ബസുകള്‍ നിര്‍മിക്കാനുള്ള കരാറാണ് കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് നല്‍കിയിരിക്കുന്നത്

KSRTC SWIFT  city circular bus service  ksrtc city service  കെഎസ്ആർടിസി  കെഎസ്ആർടിസി സ്വിഫ്റ്റ്  കെഎസ്ആർടിസി ഇലക്‌ട്രിക് ബസ്
തിരുവനന്തപുരം നഗരപാത കീഴടക്കാന്‍ അഞ്ച് ഇലക്‌ട്രിക് ബസുകളെത്തി

By

Published : Jun 25, 2022, 12:52 PM IST

തിരുവനന്തപുരം:സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ അഞ്ച് ബസുകള്‍ തലസ്ഥാനത്തെത്തിച്ചു. ഡൽഹിയിൽ നിന്നുള്ള പി എം ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷൻ ആണ് ബസുകൾ നിര്‍മിച്ചു നൽകുന്നത്. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 25 ബസുകളില്‍ 15 എണ്ണം തിങ്കളാഴ്‌ച ഹരിയാനയില്‍ നിന്നും തിരിക്കും.

ക്രമേണ നഗരത്തിലോടുന്ന മുഴുവൻ സർവീസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. നിര്‍മാണ കമ്പനിക്ക് ആദ്യഘട്ടത്തില്‍ 50 ബസുകള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 25 ബസുകളാണ് ആദ്യ ഘട്ടത്തിലെത്തിക്കുക.

തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസുകൾക്ക് ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാവും. രണ്ടു മണിക്കൂർ കൊണ്ട് ഒരു ബസ് പൂർണമായി ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ 120 കിലോമീറ്റർ ദൂരം ബസുകള്‍ സഞ്ചരിക്കും.

സിറ്റി സര്‍വീസിനായി വാങ്ങിയ അഞ്ച് ഇലക്ട്രിക്ക് ബസുകള്‍ തലസ്ഥാനത്തെത്തിച്ചു

92,43,928 രൂപയാണ് ഒരു ബസിൻ്റെ വില. 30 സീറ്റുകളാണുള്ളത്. യാത്രക്കാർക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് ബസിൽ സൗകര്യമുണ്ട്. സിസിടിവി ക്യാമറ നിരീക്ഷണവും ഏമര്‍ജൻസി അലർട്ട് ബട്ടണും ഉണ്ടാവും.

പത്ത് രൂപയാണ് സിറ്റി സർക്കുലറിൻ്റെ ഒരു യാത്രയ്ക്ക് നിലവിലുള്ള ചാർജ്. ഈ നിരക്ക് മൂന്നു മാസം കൂടി നിലനിർത്തും. സിറ്റി സർക്കുലറിലെ പ്രതിദിന യാത്രക്കാർ ആയിരത്തിൽ നിന്ന് ഇരുപത്തി എണ്ണായിരത്തിലേക്ക് ഉയർന്നതായും ഇത് ലാഭകരമായി ഓടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റി സർവീസ് ഓടുന്ന ഡീസൽ ബസുകൾക്ക് ഒരു കിലോമീറ്ററിന് 37 രൂപ ചെലവ് വരും. ഇവ ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാണ് ചെലവ് വരിക. വർധിച്ച ഇന്ധനവിലയുടെ പശ്ചാത്തലത്തിൽ ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നതാണ് ഗുണകരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സിഎൻജി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി നടപടിയെടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സിഎൻജിക്ക് ഇരട്ടിയിലേറെ വില വർധിച്ച സാഹചര്യത്തിൽ ഇത് നഷ്‌ടമായിത്തീരുമെന്നാണ് വിലയിരുത്തലെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details