തിരുവനന്തപുരം : മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ടിൽ കെട്ടി വലിച്ചാണ് കടലിൽ കുടുങ്ങിയ ബോട്ടിനെ മുതലപ്പൊഴിയിലേക്ക് എത്തിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. 19 നോട്ടിക്കൽ മൈൽ ദൂരെയാണ് വള്ളം കുടുങ്ങി കിടക്കുന്നത്. ശാന്തിപുരം സ്വദേശിയുടെ കടലമ്മ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
തുടർക്കഥയായി അപകടങ്ങൾ :അതേസമയം മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. ഈ മാസം ഇത് മൂന്നാം തവണയാണ് മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽ പെടുന്നത്. ഓഗസ്റ്റ് ഏഴിന് നാല് മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം തലകീഴായി മറിയുകയായിരുന്നു. കടലിൽ പോയി തിരികെ വരുമ്പോള്‍ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.
ബോട്ടിൽ ഉണ്ടായിരുന്ന നാല് പേരും നീന്തി രക്ഷപ്പെടുകയായിരുന്നു. സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് ശക്തമായ തിരയടിയിൽ മറിഞ്ഞത്. മണികണ്‌ഠൻ, ജോസ്ഫ്രിൻ, ജസ്റ്റിൻ, ജോർജ് എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്.
ഈ മാസം മൂന്നിനാണ് വർക്കല സ്വദേശികളായ 16 പേർ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. വർക്കല സ്വദേശി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം ശക്തമായ തിരയിൽ മറിയുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്‍റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ജൂലൈ 22, 30, 31 തീയതികളിലും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം വിട്ടാണ് ജൂലൈ 22ന് അപകടം ഉണ്ടായത്.