തിരുവനന്തപുരം :മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളി മരിച്ചു. മൂന്നു പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞത്.
ബോട്ടില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്‍ (42) എന്ന മത്സ്യതൊഴിലാളിയാണ് മരിച്ചത്. കടലിൽ കാണാതായ റോബിൻ (42), ബിജു (48), ബിജു (55) എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബോട്ട് മറിഞ്ഞതിന് പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവര്‍ കുഞ്ഞുമോനെ കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയില്‍ കരയിലെത്തിച്ച കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടം നടന്നതിന് പിന്നാലെ മത്സ്യതൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കോസ്റ്റ്ഗാര്‍ഡോ, മറൈന്‍ ആംബുലന്‍സോ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.
നിലവില്‍ കോസ്റ്റ്‌ഗോര്‍ഡ് അടക്കം കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. കടല്‍ പ്രക്ഷുബ്‌ധമായി തുടരുന്നതാണ് തെരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. നേവിയുടെ സഹായം തേടാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 'രാവിലെ കാലാവസ്ഥ മോശമായിരുന്നു. മത്സ്യത്തൊഴിലാളികൾ യന്ത്രവത്കൃത ബോട്ടിലായിരുന്നു. കാണാതായവർക്കായി ഞങ്ങൾ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്'. - തീരദേശ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വാമനപുരം നദിയും കഠിനംകുളം കായലും അറബിക്കടലിൽ ചേരുന്ന സ്ഥലമാണ് പെരുമാതുറയിലെ മുതലപ്പൊഴി. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് മുതലപ്പൊഴി. നിര്‍മ്മാണത്തിലെ അപാകതയാണ നിരന്തരമുളള അപകടത്തിന് കാരണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം.