തിരുവനന്തപുരം: കരമനയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ഒരാഴ്ചയായി തമലം, ചുള്ളമുക്ക്, പാപ്പനംകോട്, പാറയിൽ കടവ്, കൈമനം, കരമന എന്നിവിടങ്ങളിൽ മീനുകൾ ചത്തുപൊങ്ങി ചീഞ്ഞഴുകിയ നിലയിൽ കാണപ്പെടുന്നു. ഇതോടെ ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ഏറെ ആശങ്കയിലാണ്.
കരമനയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
ആറ്റിലെ വെള്ളത്തിൽ കുമിളയും നിറവ്യത്യാസവും ദുർഗന്ധവുമുണ്ട്.
മീൻ ചത്തുപൊങ്ങുന്നത് മൂലം പ്രദേശവാസികൾ ദിനംപ്രതി ഉപയോഗിക്കുന്ന കടവുകളിൽ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വെള്ളത്തിൽ കുമിളയും നിറവ്യത്യാസവും ദുർഗന്ധവുമുണ്ട്. ഇതിനിടെ ചത്തുപൊങ്ങിയ മീനുകളെ ശേഖരിച്ച് ചിലർ ഭക്ഷിച്ചതായും പറയപ്പെടുന്നു.
പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തു. ഇറിഗേഷൻ അധികൃതരെയും ജല അതോറിറ്റിയെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഒട്ടേറെ തലമുറകളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ കരമനയാറ്റിൽ ഏതെങ്കിലും തരത്തില്‍ വിഷമാലിന്യം കലർന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.