തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. സമരം രണ്ടാഴ്‌ച പിന്നിട്ടിട്ടും വിഷയത്തിൽ സമരക്കാരും സർക്കാരും തമ്മിൽ സമവായമായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിലാണ് ചര്‍ച്ച പരിഹാരമാകാതെ തുടരുന്നത്.
വിഴിഞ്ഞം തുറമുഖ സമരം; രണ്ടാഴ്‌ച പിന്നിട്ടിട്ടും സമവായമായില്ല, സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മയുടെ കരിദിനാചരണം ഇന്ന് - മത്സ്യത്തൊഴിലാളികള്‍
സമരത്തിനെതിരെ വിഴിഞ്ഞം തുറമുഖം - പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കും. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ കടകൾ അടച്ചിടും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച നടക്കും. സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍.
ഇന്ന് കടല്‍ സമരം: ബോട്ടുകളുമായെത്തി വിഴിഞ്ഞം പദ്ധതി പ്രദേശം വളയാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഇത് കൂടാതെ കരമാര്‍ഗമുള്ള സമരവും ഇന്ന് നടക്കും. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടക്കുന്നത്.
മൂന്നാംവട്ട ചർച്ച: സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമാരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല. മുഖ്യമന്ത്രിയടക്കം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സമരത്തിനെതിരെ കരിദിനം: മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ വിഴിഞ്ഞം തുറമുഖം - പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ കടകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.