തിരുവനന്തപുരം: ഓഖി ദുരന്തത്തിലുൾപ്പെടെ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 120 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായതായി സർക്കാർ. ഈ സർക്കാരിന്‍റെ കാലയളവിൽ 91 മത്സ്യത്തൊഴിലാളികളെയാണ് കാണാതായതെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ രേഖാമൂലം അറിയിച്ചു. എം. ഉമ്മർ എം.എൽ.എയുടെ ചോദ്യത്തിനാണ് ഫിഷറീസ് മന്ത്രിയുടെ മറുപടി.
നാല് വർഷത്തിനിടെ കാണാതായത് 120 മത്സ്യത്തൊഴിലാളികൾ - മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
ഓഖി ദുരന്തത്തിൽ കാണാതായ 91 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നൽകിയതായും ഫിഷറീസ് മന്ത്രി

മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സാഹചര്യത്തിൽ ഫിഷറീസ് വകുപ്പിന്‍റെ റെസ്ക്യൂ ബോട്ടുകളും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്താറുണ്ട്. അടിയന്തര ഘട്ടത്തിൽ സേനാ വിഭാഗങ്ങളുടെ സഹായം തേടുമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ കാണാതായാൽ നിയമപ്രകാരം ഏഴ് വർഷത്തിനു ശേഷം നഷ്ടപരിഹാരം നൽകുന്ന രീതിയിൽ മാറ്റം വരുത്തി, ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ധനസഹായം ലഭ്യമാക്കുകയും മത്സ്യബോർഡ് വഴി നൽകുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഓഖി ദുരന്തത്തിൽ കാണാതായ 91 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്ന് മാസത്തിനകം 20 ലക്ഷം രൂപ വീതം ധനസഹായം നൽകിയതായും മന്ത്രി അറിയിച്ചു.