തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്‌ജിങ് ഉടൻ തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ 18 പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഈ സർക്കാരിന്‍റെ ഉത്തരവാദിത്തം അല്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം മന്ത്രി വിഷയത്തെ രാഷ്ട്രീയമായി കാണുന്നുവെന്ന് വിഴിഞ്ഞം എംഎൽഎ എം വിൻസെന്‍റ് പറഞ്ഞു. മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കും സർക്കാർ പുറത്തുവിട്ട കണക്കും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. വാടകയ്ക്ക് എടുത്ത കോസ്റ്റൽ ബോട്ടുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. അടിയന്തരമായി മുതലപ്പൊഴിയിൽ റെസ്‌ക്യു ടീമിനെ നിയോഗിക്കണമെന്നും വിൻസെന്‍റ് പറഞ്ഞു.
മുതലപ്പൊഴിയിൽ ഡ്രഡ്‌ജിങ് തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ALSO READ: മുതലപ്പൊഴി നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും: സജി ചെറിയാൻ
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്‌ധ ടീമിനെ ചുമതലപ്പെടുത്തിയതായി മന്ത്രി നിയമസഭയെ അറിയിച്ചു. അപകടം ഇല്ലാതാക്കാൻ ശാശ്വതമായ പരിഹാരം എത്രയും വേഗം ഉണ്ടാകും. കാസർകോഡ്, വിഴിഞ്ഞം, മുതലപ്പൊഴി ഉൾപ്പെടെയുള്ള എല്ലാ ഹർബറുകളിലും റെസ്‌ക്യു ടീമിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴി മരണപ്പൊഴിയായി മാറുകയാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. ആറ് വർഷത്തിനിടെ 58 പേരാണ് ഇവിടെ മരിച്ചത്. ഈ കാലത്ത് സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആളുകളുടെ മരണം സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമായി പരിഗണിച്ച് അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.