തിരുവനന്തപുരം:എല്ലാ വർഷവും കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്ന മേഖലയാണ് മത്സ്യ തൊഴിലാളി മേഖല. കഴിഞ്ഞ ബജറ്റിൽ മാത്രം ധനമന്ത്രി തോമസ് ഐസക് ആയിരം കോടിയുടെ പദ്ധതികളാണ് ഈ മേഖലയിലേക്കായി പ്രഖ്യാപിച്ചത്. ഓഖി പുനരധിവാസ പദ്ധതി, പൊഴിയൂരിൽ ഫിഷിങ് ഹാർബർ, 70 ഫിഷ് മാർക്കറ്റുകൾ ,തിരദേശ റോഡുകൾക്ക് 200 കോടി, മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾക്ക് കിയോസ് തുടങ്ങാൻ പലിശ രഹിത വായ്പ , കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ അടക്കമുളള സുരക്ഷാ സംവിധാനം ഇങ്ങനെ പോകുന്നു കഴിഞ്ഞ പ്രഖ്യാപനത്തിലെ പദ്ധതികൾ. എല്ലാ മേഖലയിലും എന്നതു പോലെ ഇതിൽ നടപ്പിലായത് ചില പദ്ധതികൾ മാത്രമാണ്. ഇവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പലതും പരിഹരിക്കുന്ന പദ്ധതികൾ ഇതുവരെ വന്നിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
സംസ്ഥാന ബജറ്റ്; പ്രതീക്ഷ അർപ്പിച്ച് മത്സ്യ തൊഴിലാളികൾ - DR. Thomas Issac
നാളെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ മത്സ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതും സുരക്ഷാ പദ്ധതികൾ കടലാസിലൊതുങ്ങുന്നതും ജോലി ചെയ്യുന്നതിന് തടസമാവുകയാണ്. സമാനമായി പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ സമീപത്തെ സ്കൂളുകളിലാണ് ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കുന്നത്. യാതൊരുവിധ സൗകര്യങ്ങളും ഇല്ലാതെയാണ് മത്സ്യത്തൊഴിലാളികൾ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നത് . സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയാണ്. ഇതിന് സ്ഥിരമായി ഒരു പരിഹാരം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നാളെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ മത്സ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നത്.