കേരളം

kerala

ETV Bharat / state

രാജ്യാന്തര കായിക ഉച്ചകോടി; കായിക രംഗത്ത് പുത്തന്‍ വികസന മാതൃക സൃഷ്‌ടിച്ച് കേരളം - ആദ്യ കേരള കായിക ഉച്ചകോടി

First International Sports Summit Of Kerala: കേരളത്തിന്‍റെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരി.

Sports Summit Of Kerala  കേരള കായിക ഉച്ചകോടി  ആദ്യ കേരള കായിക ഉച്ചകോടി  kerala sports summit
Etv BharatFirst International Sports Summit Of Kerala

By ETV Bharat Kerala Team

Published : Dec 28, 2023, 4:54 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (First International Sports Summit Of Kerala) സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയർമാനുമായ സമിതി രൂപീകരിച്ചത്. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവർ സംഘാടക സമിതി വൈസ് ചെയർമാന്മാരാണ്.

കായികവകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐ എ എസ് ജനറൽ കൺവീനർ, കായികവകുപ്പ് ഡയറക്ടർ രാജീവ്കുമാർ ചൗധരി ഐ എ എസ് കൺവീനർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ എന്നിവർ കോ കൺവീനർന്മാർ. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ അജയകുമാർ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവന ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

2024 ജനുവരി 23 മുതൽ 26 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഉച്ചകോടി നടക്കുക. 12ൽ പരം അന്തർദേശീയ യൂണിവേഴ്‌സിറ്റികൾ, 20ൽ പരം രാജ്യങ്ങൾ, എൻ ആർ ഐമാർ, സ്പോർട്‌സ്‌ ഫൗണ്ടേഷനുകൾ, അത്ലറ്റുകൾ അടക്കമുള്ളവർ കായിക ഉച്ചകോടിയിൽ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന കായിക ഉച്ചകോടിയിൽ സെമിനാറുകൾ, സംവാദങ്ങൾ അടക്കമുള്ള പരിപാടികളുമുണ്ടാകും. നാല് വേദികളിലായാണ് പരിപാടികൾ നടക്കുക.

ആഗോള പങ്കാളിത്തം, കായിക സമ്പദ്ഘടന വികസന പ്രക്രിയ, പുതിയ കായിക നയം എന്നിവ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പ്രഖ്യാപിക്കും. ലോക കായിക രംഗത്ത് വന്നിട്ടുള്ള വികസനവും വളർച്ചയും നൂതന കായിക പരിശീലന സംവിധാനങ്ങളും പദ്ധതികളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. അതേസമയം കായിക ഉച്ചകോടിയുടെ അന്തിമരൂപം തയ്യാറായിട്ടില്ല. കായിക യുവജനകാര്യ വകുപ്പിൻ്റെയും സംസ്ഥാന സ്പോർട്‌സ്‌ കൗൺസിലിൻ്റെയും നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളത്തെ കായിക നിക്ഷേപത്തിനും വികസനത്തിനുമുള്ള ഏറ്റവും മികച്ച മാതൃകകളിലൊന്നാക്കി മാറ്റുകയെന്നതാണ് കായിക ഉച്ചകോടിയുടെ ലക്ഷ്യം.

ABOUT THE AUTHOR

...view details