തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പലായ ഷെന്‍ഹുവ 15 വിഴിഞ്ഞം പുറങ്കടലില്‍ എത്തി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി 28 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ഇപ്പോള്‍ കപ്പലിന്‍റെ സ്ഥാനം. ഈ മാസം 15-നാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കുക (First Cargo Ship to Vizhinjam port).
ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നും പുറപ്പെട്ട ഷെന്‍ഹുവ 15 ല്‍ (zhenhua 15 ship) വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിന്‍, രണ്ട് റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിന്‍ എന്നിങ്ങനെ മൂന്ന് ക്രെയിനുകളാണ് ഉള്ളത്. ക്രെയിനുകള്‍ ഇറക്കുന്നതിനുള്ള റെയിലുകള്‍ ബര്‍ത്തില്‍ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്.
കപ്പലിനെ ബര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനായി നാല് ടഗ്ഗുകള്‍ (Dolphin 27 tug) വിഴിഞ്ഞം തുറമുഖത്ത് നേരത്തേ എത്തിയിട്ടുണ്ട്. ടഗ്ഗുകളുടെ സഹായത്തോടെ കപ്പലിനെ ബര്‍ത്തിന് 100 മീറ്ററോളം അരികിലെത്തിക്കും. ഞായറാഴ്‌ച (ഒക്‌ടോബർ 15) നടക്കുന്ന സ്വീകരണച്ചടങ്ങില്‍ ജലധാരയുടെ അകമ്പടിയോടെ കപ്പലിനെ ബര്‍ത്തിലേക്ക് എത്തിക്കും. നേരത്തെ ഒക്ടോബര്‍ നാലിനാണ് കപ്പല്‍ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഷാങ്‌ഹായ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയുടെ വേഗത കുറയുകയും കപ്പല്‍ എത്തുന്ന തീയതി മാറുകയുമായിരുന്നു.