തിരുവനന്തപുരം:ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കാനൊരുങ്ങി വിഴിഞ്ഞം തുറമുഖം (Vizhinjam Port). ഒക്‌ടോബര്‍ 15ന് ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത് (First Cargo Ship Coming To Vizhinjam) എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil). വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും (CM Pinarayi Vijayan) കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാളും (Sarbananda Sonowal) ചേര്‍ന്നാണ് ആദ്യ ചരക്ക് കപ്പലിനെ വിഴിഞ്ഞത്ത് സ്വീകരിക്കുന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു കപ്പല്‍ ചൈനയിലെ ഷാങ്‌ഹായ് തുറമുഖത്ത് (Shanghai Port) നിന്നും പുറപ്പെട്ടത്.
സൂക്ഷ്‌മ പരിശോധനകള്‍ക്കൊടുവിലാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിനുള്ള തീയതി നിശ്ചയിച്ചതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു (First Cargo Ship Coming Date In Vizhinjam). സെപ്‌റ്റംബര്‍ 20നായിരുന്നു 6,000 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ച് കപ്പല്‍ ഗുജറാത്തിലെ മുദ്ര (Mudra Port) തുറമുഖത്ത് എത്തേണ്ടിയിരുന്നത്. മണിക്കൂറില്‍ ശരാശരി 13 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലിന് ടൈക്കൂണ്‍ കാരണം 3-5 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് സഞ്ചരിക്കാനായത്.
ഈ സാഹചര്യത്തില്‍ ഒക്‌ടോബര്‍ പതിമൂന്നിനോ പതിനാലിനോ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലതാമസമുണ്ടാകാനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ചരക്ക് കപ്പലിനെ സ്വീകരിക്കുന്നത് ഒക്‌ടോബര്‍ 15ന് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.