തിരുവനന്തപുരം:മാർച്ച് 7 ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിച്ച് അഗ്നിരക്ഷ വകുപ്പ്. പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ, ഗ്യാസ് ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം ഈ സമയത്ത് പൂർണമായും നിർത്തി വയ്ക്കണമെന്നും അഗ്നിരക്ഷ വകുപ്പ് നിർദേശിച്ചു. തിരുവനന്തപുരം റീജിയണൽ ഫയർ ഓഫിസറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പൊങ്കാലയിടാൻ എത്തുന്ന ഭക്തജനങ്ങൾ പൊങ്കാല അടുപ്പുകളിൽ നിന്നും വസ്ത്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. അയഞ്ഞ വസ്ത്രങ്ങൾ, പെട്ടെന്ന് തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കരുത്. പകരം കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.
തീ പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള സാനിറ്റൈസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ, മറ്റു വസ്‌തുക്കൾ പൊങ്കാല അടുപ്പുകൾക്ക് സമീപത്ത് നിന്ന് ഒഴിവാക്കണം. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അടുപ്പിലെ തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പ് വരുത്തണം. പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്. നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
ഇന്ധനങ്ങൾ, തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൾ, ഗ്രിൽ, പോപ്പ്കോൺ മെഷീനുകൾ, എന്നിവ സുരക്ഷിതമായ അകലങ്ങളിലേക്ക് മാറ്റണം. ജനറേറ്ററുകളിലെ ഇലക്ട്രിക് വയറുകൾ, എക്സ്റ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്‌ട്, ഇൻസുലേഷൻ കവറിങ് വിട്ടുപോയവ, മുറിഞ്ഞു മാറിയവ എന്നിവ പ്രത്യേകം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഹൈഡ്രജൻ, എത്തിലീൻ തുടങ്ങിയവ ഉപയോഗിക്കുന്ന ബലൂണുകളുടെ വിൽപ്പന പൊങ്കാല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി അഗ്നിശമന സേനയുടെ 101ൽ വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള പൊങ്കാലക്ക് നിരവധി ഭക്തജനങ്ങൾ എത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു പൊങ്കാല. ഇതിനാൽ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാലയ്ക്ക് അനുമതി നൽകിയിരുന്നില്ല. മാത്രമല്ല, ക്ഷേത്ര കോമ്പൗണ്ടിന്‍റെ ഉള്ളിൽ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1,500 പേര്‍ക്കാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി നൽകിയിരുന്നത്. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമാക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തിയിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ ഒഴിഞ്ഞെത്തുന്നതുകൊണ്ടുതന്നെ ഇക്കുറി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
സഞ്ചരിക്കുന്ന മൊബൈൽ ലാബുമായി ഭക്ഷ്യസുരക്ഷ വകുപ്പ്: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിരുന്നു. ഫെബ്രുവരി 27 മുതലായിരുന്നു പരിശോധന. പരിശോധനക്കായി സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തനമാരംഭിച്ചിരുന്നു.
നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മാത്രമേ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കാവു എന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. താത്കാലിക ഭക്ഷണശാലകൾക്കും അന്നദാനത്തിനും രജിസ്ട്രേഷൻ ഏർപ്പെടുത്തും. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ അറിയിക്കാൻ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.