തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം തിരുവനന്തപുരം: നഗരത്തിലെ അക്വേറിയം യൂണിറ്റില്‍ വന്‍ തീപിടിത്തം. വഴുതക്കാട് ജഗതി റൂട്ടിൽ ഡിപിഐ ജങ്ഷനിലെ ഫിഷ് ടാങ്ക് നിർമാണ ഗോഡൗണിനാണ് തീപിടിച്ചത്. ശക്തമായ കാറ്റില്‍ അടുത്തുള്ള വീടുകളിലേക്കും തീ പടര്‍ന്നു.
അക്വേറിയം യൂണിറ്റ് കേന്ദ്രത്തിന് അരികെ താമസിക്കുന്ന ലീലാമ്മൾ എന്ന വ്യക്തിയുടെ വീടിനാണ് തീ പടർന്നു പിടിച്ചത്. വീടിന്‍റെ മേൽക്കൂര അടക്കം പിൻഭാഗം പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്. നാല് മാസം പ്രായമുള്ള കുട്ടി അടക്കം സംഭവസമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു.
നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വീടിന്‍റെ ആധാരം അടക്കമാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ടാര്‍പ്പായും മരങ്ങളും ഗോഡൗണിന് സമീപമുണ്ടായിരുന്നതാണ് സമീപപ്രദേശത്തേക്ക് പടരാന്‍ ഇടയായത്.
വീടിന് ചുറ്റുമുള്ള പ്ലാസ്‌റ്റിക്കും തീ പടരാന്‍ കാരണമായി. അതിനാല്‍ തീ അണയ്‌ക്കുക എന്നത് പ്രയാസകരമാണ്. തിരുവനന്തപുരം ജില്ല കലക്‌ടർ അടക്കം ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സും പൊലീസും ഉണ്ടെന്നും എയർപോർട്ടിൽ നിന്ന് സ്പെഷ്യൽ യൂണിറ്റ് കൂടി വരുന്നുണ്ടെന്നും കലക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു .
നിലവിൽ സ്ഥിതി അണ്ടർ കൺട്രോളിൽ ആണെന്നും കലക്‌ടർ പറഞ്ഞു. ചെങ്കൽചൂളിയിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റാണ് നിലവില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നത്. മറ്റ് യൂണിറ്റുകളിൽ നിന്നും കൂടുതല്‍ ഫയർഫോഴ്‌സുകള്‍ എത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഗോഡൗണും പ്രവർത്തിക്കുന്നത്. തീപിടിത്തത്തില്‍ വലിയ നാശനഷ്‌ടങ്ങളുണ്ടായി.