തിരുവനന്തപുരം :'എൻ്റെ കേരളം പ്രദർശന വിപണന മേള'യിൽ അറിവും കൗതുകവുമുണർത്തി കേരള ഫയർ ആൻഡ് റെസ്ക്യുവിൻ്റെ പ്രദർശന സ്റ്റാൾ. അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ചിത്രങ്ങളിലൂടെയാണ് സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന 'എൻ്റെ കേരളം പ്രദർശന വിപണന മേള'യിൽ കേരള ഫയർ ആൻഡ് റെസ്ക്യുവിൻ്റെ പ്രദർശന സ്റ്റാൾ ആരംഭിക്കുന്നത്.
ദുരന്തമേഖലകളിൽ അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവയുടെ ഉപയോഗം, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ഒരു അപകടം ഉണ്ടാകുമ്പോൾ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ, ഫസ്റ്റ് എയ്ഡിനെക്കുറിച്ചുള്ള ബോധവത്ക്കരണം ഇങ്ങനെ ജനങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട അറിവുകളാൽ സമ്പന്നമാണ് ഈ പ്രദർശന സ്റ്റാൾ.
പാറശാല ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ സുരേഷ് കുമാറാണ് ജനങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്. അഗ്നിശമന സേന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യന്ത്രങ്ങളും സുരക്ഷ സാമഗ്രികളും പൊതുജനങ്ങള്‍ക്കായി പ്രദര്ശനത്തിലൊരുക്കിയിരുന്നു. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനം വെട്ടിപ്പൊളിച്ച് ആളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പവര്‍ കട്ടര്‍, അലുമിനിയം സ്യൂട്ട്ഫയര്, ജാക്കറ്റ്, മാനുവല്‍ പവര്‍ യൂണിറ്റ്, ഫയര്‍ എഞ്ചിൻ എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ തീയണക്കാന്‍ മറ്റ് ജല സ്രോതസുകളിൽ നിന്ന് നേരിട്ട് വെള്ളമെടുക്കാൻ കഴിയുന്ന ഫ്ളോട്ടിങ് പമ്പ്, ഫോള്‍ഡിങ് സ്ട്രക്ചര്‍, ഫയര്മാന് ആക്സ്, കിണറുകളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഫുള്‍ബോഡി ഹാര്‍നസ്, ഡൈവിങ് സ്യൂട്ട്, മണ്ണിനടിയില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടത്തൊന്‍ ഉപയോഗിക്കുന്ന സജ്ജീവന ആക്സലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ പൊതുജനങ്ങൾക്ക് സുരേഷ് കുമാർ പരിചയപ്പെടുത്തി.