തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. അഭ്യസ്തവിദ്യരുടെ തൊഴില്‍ദാന പദ്ധതികൾ കേരളത്തിൽ അപര്യാപ്തമാണെന്നും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ എന്നും ഇതിന് പരിഹാരം കാണാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
5.8% പുരുഷന്മാരും 19.1% സ്ത്രീകളും തൊഴില്‍രഹിതരാണെന്നും ഇത് പരിഹരിക്കാൻ എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഐസക്ക് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം മറ്റുള്ളവര്‍ക്കുമായി മാറ്റിവെക്കും. കൂടാതെ വനിതകള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ബൃഹത്പദ്ധതി തയാറാക്കും. തൊഴിൽ ഇല്ലായ്മ പരിഹരിക്കാനുള്ള ബൃഹത് പദ്ധതിയിൽ ഫെബ്രുവരി മുതൽ രജിസ്റ്റർ ചെയ്യാനാകും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കാൻ ബജറ്റിൽ പ്രഖ്യാപനം. അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാനായി നൈപുണ്യ പരിശീലനം നൽകും. 50 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകാനും ഇത് പ്രാവർത്തികമാക്കാൻ സ്കിൽ മിഷൻ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.