കെ എന്‍ ബാലഗോപാല്‍ പ്രതികരിക്കുന്നു തിരുവനന്തപുരം:ഇന്ധന സെസ് അടക്കമുള്ള നികുതി വർധനവിന് പിന്നിൽ വ്യക്തി താത്‌പര്യമല്ലെന്നും സംസ്ഥാന താത്‌പര്യത്തിനു വേണ്ടിയാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ നിലനിൽപ്പിനു വേണ്ടിയാണ് ഇക്കാര്യങ്ങൾ നടത്തുന്നത്. അതിന് പ്രതിപക്ഷത്തിന്‍റെയടക്കം എല്ലാവരുടെയും സഹായം വേണമെന്നും ധനമന്ത്രി പറഞ്ഞു.
സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുത്തേ മതിയാകൂ. ഇത് 60 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. പരസ്യമായി പറഞ്ഞാണ് സംസ്ഥാന സർക്കാർ നികുതി നിർദേശങ്ങൾ മുന്നോട്ട് വച്ചത്. അല്ലാതെ രഹസ്യമായല്ല.
20 രൂപയിലധികം ഇന്ധന സെസ് കേന്ദ്രം പിരിക്കുന്നുണ്ട്. പാചക വാതകത്തിന് സബ്‌സിഡി നൽകുന്നില്ല. ഇക്കാര്യങ്ങൾ കൂടി ജനങ്ങൾ മനസിലാക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
2015-16 ലെ ബജറ്റിൽ സെസ് കൊണ്ട് വന്നപ്പോൾ ഇത്തരത്തിൽ ഒരു കലാപവും നടന്നില്ല. ഭവന നിർമാണ കാര്യങ്ങൾക്കായി ഇന്ധന നികുതിയിൽ ഒരു രൂപ സെസാണ് കൊണ്ട് വന്നത്. കൂടാതെ അരിക്ക് ഒരു ശതമാനവും ആട്ട, മൈദ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി വർധിപ്പിച്ചു. ആയിരം കോടിക്കടുത്താണ് അന്ന് പിരിച്ചത്. ഇന്നും അത്തരത്തിൽ ഒരു സാഹചര്യമാണെന്ന് എല്ലാവരും മനസിലാക്കണം.
എന്തിനാണ് ഇത്തരമൊര നിർദേശമെന്നതാണ് മനസിലാക്കേണ്ടത്. നല്ല ചർച്ചകൾ നടക്കാനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഉദ്ദേശ്യശുദ്ധി മനസിലാക്കാതെ ഇത്രയും വിമർശനവും ആക്രമണവും ഏറ്റുവാങ്ങേണ്ടതില്ലെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അത് പ്രതികരണങ്ങൾ കേട്ടാൽ മനസിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടിലെ നിഗമനം: നികുതി പിരിവിൽ 26,000 കോടിയുടെ കുടിശികയെന്ന സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കൂടി പരിശോധിക്കേണ്ടതുണ്ട്. റിപ്പോർട്ടിൽ തന്നെ കുടിശിക പിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. നികുതി കുടിശികകളിൽ കേസിൽ കുടുങ്ങിയവയുണ്ട്.
50 വർഷത്തോളം പഴക്കമുള്ള നികുതി കുടിശികകളുണ്ട്. ഇവയടക്കം പിരിച്ചെടുക്കാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം, ധനവകുപ്പിന്‍റെ നികുതി പിരിവിലെ വീഴ്‌ചകളാണ് ഇന്നലെ നിയമസഭയിൽ സമർപ്പിച്ച സി എ ജി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. 26,000 കോടിയുടെ നികുതി കുടിശികയാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വർഷത്തെ നികുതി കുടിശിക 7,100 കോടി രൂപയാണ്. ഇതിൽ 4,499.55 കോടി രൂപ വിൽപന നികുതിയാണ്. വൈദ്യുതി നികുതിയിൽ 887.43 കോടി രൂപയും ലഭിക്കാനുണ്ട്.
വഴങ്ങാതെ സര്‍ക്കാര്‍: ബജറ്റില്‍ നിര്‍ദേശിച്ച ഇന്ധന സെസ് വര്‍ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ബജറ്റ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബിജെപിയും സമര രംഗത്തുണ്ട്. ഈ സാഹചര്യത്തിലും ബജറ്റില്‍ പരാമര്‍ശിച്ച നികുതി വര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നികുതി വര്‍ധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നികുതി വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ നികുതി വര്‍ധന അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മദ്യത്തിനും ഇന്ധന സെസിലും മാത്രമേ നികുതി വര്‍ധിപ്പിക്കാന്‍ സാധിക്കൂ എന്ന സാഹചര്യം വന്നപ്പോഴാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത് എന്നാണ് മുഖ്യമന്ത്രിയുടെ വാദം.