തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 3356.42 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമെന്ന നിലയിലാണ് തുക അനുവദിച്ചത്. ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ 8828 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
തുക അനുവദിച്ചത് എന്തിനെല്ലാം:മെയിന്റനൻസ് ഗ്രാന്റ്, വികസന ഫണ്ട്, പൊതു അവശ്യ ഫണ്ട്, ധനകമ്മീഷൻ ഗ്രാന്റ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ആദ്യ ഗഡുവായി മെയിന്റനന്‍സ് ഗ്രാന്റായി 1215.66 കോടിയും വികസന ഫണ്ടിനായി 1850.68 കോടിയും പൊതു അവശ്യഫണ്ടിനായി 185.68 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്. ധനകമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി 104.4 കോടി രൂപയും അനുവദിച്ചു.
പ്രതിസന്ധിക്കിടയിലും പരിഗണന:കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കായി ബജറ്റില്‍ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സാമ്പത്തിക വർഷം ആരംഭിച്ചതോടെയാണ് ഇപ്പോൾ തുക വിതരണവും ആരംഭിച്ചിരിക്കുന്നത്. കൂടാതെ തനത് ഫണ്ട് വർധിപ്പിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പുകളും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും കെട്ടിട നികുതി വർധനവ് ഉൾപ്പെടെയുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ സേവനങ്ങളെ ഓൺലൈനാക്കി വേഗത്തിലാക്കാനും നടപടികൾ സ്വീകരിച്ച് വരികയാണ്.
വിമര്ശനങ്ങള്ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍:ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം രൂക്ഷമായി ഉന്നയിച്ച നികുതി ചോർച്ചയെ നേരിടാനുള്ള നീക്കമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച് വരുന്നത്. സേവനങ്ങളുടെ പ്രവർത്തന ക്ഷമത ഉൾപ്പെടെ വേഗത്തിലാക്കി പരമാവധി നികുതി ചോർച്ച തടയുമെന്ന് വകുപ്പ് മന്ത്രി എം.ബി രാജേഷും മുൻപ് വ്യക്തമാക്കിയിരുന്നു.