തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പ് എ ഐ കാമറകൾ സ്ഥാപിച്ച മാതൃകയിൽ കെല്‍ട്രോണിന്‍റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് 400 കോടിയിലധികം മുതൽ മുടക്കി ട്രാഫിക് കാമറകൾ സ്ഥാപിക്കാനുള്ള പൊലീസ് പദ്ധതിക്ക് തടയിട്ട് ധനവകുപ്പ്. എ ഐ കാമറകൾ സ്ഥാപിച്ചതിന് സമാനമായി ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി 1000 കാമറകൾ സ്ഥാപിക്കാനായിരുന്നു പൊലീസ് പദ്ധതി.
കെൽട്രോണിന്‍റെ കീഴിൽ സ്വകാര്യ കമ്പനികൾ പണം മുടക്കി കാമറകൾ സ്ഥാപിക്കണമെന്നും പിഴ തുകയിൽ നിന്നും 10 വർഷത്തിനുള്ളിൽ മുടക്ക് മുതൽ നൽകാമെന്നുമായിരുന്നു ടെൻഡറിലെ നിർദേശം. ഇതിന്‍റെ ഭാഗമായി പൊലീസും കെൽട്രോണും ഉൾപ്പെട്ട സംയുക്ത ട്രഷറി അക്കൗണ്ട് തുറക്കാമെന്നുമായിരുന്നു ധാരണ. എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ നിലപാട്.
'നിയമ സാധ്യതയില്ലെന്ന്': ഇത്തരത്തിൽ ഒരു അക്കൗണ്ട് തുറക്കാൻ നിയമപരമായി സാധ്യത ഇല്ലെന്നാണ് ധനവകുപ്പ് വ്യക്തമാകുന്നത്. പകരം ധനവകുപ്പ് മുന്നോട്ട് വെച്ച നിർദേശം പണം മുഴുവനായി സർക്കാരിലേക്ക് അടക്കുകയും തുടർന്ന് ഓരോ മാസവും തിരിച്ചടക്കേണ്ട പണത്തിന്‍റെ ബില്‍ നൽകിയാൽ ധാരണ പ്രകാരമുള്ള പണം നൽകാമെന്നതുമായിരുന്നു. എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കെൽട്രോണും അറിയിച്ചു.
പദ്ധതിക്കായി പല തവണ ടെണ്ടർ വിളിച്ചെങ്കിലും നടപ്പാക്കാനായിട്ടില്ല. അതേസമയം ഈ പദ്ധതിയിലും മറ്റ് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി അവരെ സഹായിക്കുന്ന നിലപാടാണ് കെൽട്രോണിലുള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വിവാദം ഒഴിവാക്കാൻ സർക്കാർ: കെൽട്രോൺ ഉൾപ്പെട്ട എ ഐ കാമറ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തേച്ചുമാച്ചുകളയാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായാണ് സൂചന. ചീഫ് സെക്രട്ടറിയേയോ ആഭ്യന്തര സെക്രട്ടറിയേയോ അന്വേഷണത്തിന് ചുമതല നൽകാനാണ് ആലോചനകൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ചർച്ച നടത്തിയെന്നതടക്കമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.